ന്യൂഡൽഹി: ഈവർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥിയായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പങ്കെടുക്കും. രണ്ടു ദിവസത്തെ സന്ദർശനത്തിന് ഇന്ത്യയിലെത്തുന്ന മാക്രോൺ രാജസ്ഥാനിലെ ജയ്പുരിലാണ് ആദ്യം എത്തുന്നത്.
തുടർന്ന് ജന്തർമന്ദറിലേക്ക് പോകുന്ന അദ്ദേഹം അവിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. ജന്തർ മന്തറിൽനിന്ന് സംഗനേരി ഗേറ്റിലേക്ക് സംയുക്ത റോഡ് ഷോ നടത്തുന്ന ഇരുവരും ചരിത്രപ്രസിദ്ധമായ ആൽബർട്ട് ഹാൾ മ്യൂസിയവും സന്ദർശിക്കും.
ഡൽഹിയിൽ കർത്തവ്യ പാതയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയായി പങ്കെടുത്തശേഷം ഫ്രഞ്ച് എംബസി സന്ദർശിച്ച് അവിടത്തെ ജീവനക്കാരുമായി മാക്രോൺ സംവദിക്കും.
വൈകുന്നേരം, അദ്ദേഹം രാഷ്ട്രപതി ഭവനിൽ ‘അറ്റ് ഹോം’ ചടങ്ങിൽ പങ്കെടുക്കും. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തത്തിന്റെ 25-ാം വാർഷിക ആഘോഷവേളയിലാണ് മാക്രോണിന്റെ സന്ദർശനം. പ്രതിരോധ, തന്ത്രപ്രധാന മേഖലകളിൽ ഇരുപക്ഷവും പ്രധാന പ്രഖ്യാപനങ്ങൾ നടത്താൻ സാധ്യതയുണ്ട്.