കോഴിക്കോട്: ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്യുന്ന പാഴ്സല്‍ കവറിൽ തീയതിയും സമയവും ഉള്‍പ്പെട്ട ലേബൽ പതിക്കണമെന്ന നിയമം കര്‍ശനമാക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് 791 സ്ഥാപനങ്ങളില്‍ പരിശോധന നടന്നു. 114 ഹോട്ടലുകളില്‍ നിയമലംഘനം കണ്ടെത്തിയിട്ടുണ്ട്. ഇവയ്ക്ക് പിഴ ഒടുക്കാനുള്ള നോട്ടീസ് നല്കി. 44 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ആറു ഹോട്ടലുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്കി.
ഭക്ഷണപ്പൊതിയില്‍ ഭക്ഷ്യസുരക്ഷ സംബന്ധിച്ച് സ്റ്റിക്കര്‍ പതിക്കേണ്ടത് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. പലസ്ഥാപനങ്ങളും ഇതു പാലിക്കുന്നില്ലെന്നു കണ്ടെത്തിയ സാഹചര്യത്തിലാണു പരിശോധന ഊര്‍ജിതമാക്കിയത്. നിര്‍ദേശം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരേ ആര്‍ഡിഒ കോടിതയില്‍ അഡ്ജുഡിക്കേഷന് കേസുകള്‍ ഫയല്‍ ചെയ്യുമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് അറിയിച്ചു.
ഭക്ഷണം തയാറാക്കിയ സമയം ഉപയോഗിക്കേണ്ട സമയപരിധി എന്നിവ കൃത്യമായി പാഴ്സലില്‍ രേഖപ്പെടുത്തണം. കടകളില്‍നിന്നു വില്പന നടത്തുന്ന പാകം ചെയ്ത പാഴ്സല്‍ ഭക്ഷണത്തിനെല്ലാം ഉപയോഗിക്കേണ്ട സമയം രേഖപ്പെടുത്തണമെന്ന നിയമമുണ്ടെങ്കിലും കടയുടമകള്‍ പാലിക്കുന്നില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നിയമം കര്‍ശനമായി നടപ്പിലാക്കാന്‍ ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയത്.
പാഴ്സല്‍ ഭക്ഷണം ഉപയോഗിക്കേണ്ട സമയ പരിധി കഴിഞ്ഞ് കഴിക്കുന്നതുമൂലം ഭക്ഷ്യവിഷബാധ വര്‍ധിക്കുന്ന സാഹചര്യത്തിലാണു തീരുമാനം.ഭക്ഷ്യ സുരക്ഷാ ഗുണ നിലവാര നിയമപ്രകാരം പാകം ചെയ്ത ഭക്ഷണം രണ്ട് മണിക്കൂറിനുള്ളില്‍ ഉപയോഗിക്കേണ്ടതാണ്. സമയ പരിധി കഴിയുന്നതോടെ ഭക്ഷണം കേടാകുന്നതിനും ഭക്ഷ്യ വിഷബാധ പോലുളള അപകടത്തിനും സാദ്ധ്യത ഉണ്ട്.
നിലവില്‍ പാക്കറ്റ് ഭക്ഷണങ്ങളില്‍ ലേബല്‍ നിര്‍ബന്ധമാണ്. എന്നാല്‍ കടകളില്‍നിന്നു പാചകം ചെയ്ത് വിൽപ്പന നടത്തുന്ന പാഴ്സലില്‍ ഭക്ഷണം തയാറാക്കിയ സമയത്തെ സംബന്ധിച്ചോ ഉപയോഗിക്കേണ്ട സമയ പരിധിയെക്കുറിച്ചോ ഉപഭോക്താക്കള്‍ക്ക് യാതൊരു ധാരണയുമില്ല.
പലരും പാര്‍സല്‍ ഭക്ഷണം വാങ്ങി സ്വന്തം സൗകര്യത്തിനനുസരിച്ച് എപ്പോഴെങ്കിലും കഴിക്കുന്നവരാണ്. എന്നാല്‍ ഓരോ ഭക്ഷണവും തയാറാക്കിയ സമയം മുതല്‍ നിശ്ചിത സമയത്തിനുള്ളില്‍ തന്നെ ഉപയോഗിക്കേണ്ടതാണ്. ഭക്ഷണ സാധനങ്ങള്‍ക്ക് അവ ഉണ്ടാക്കുന്ന സമയത്തിനും അവ സൂക്ഷിക്കുന്ന ഊഷ്മാവിനും ഒക്കെ വളരെയേറെ പ്രാധാന്യം ഉണ്ട്.
ഷവര്‍മ പോലുള്ള ഭക്ഷണം സമയ പരിധി കഴിഞ്ഞ് ഉപയോഗിക്കുന്നത് കൂടുതല്‍ അപകടം ക്ഷണിച്ചുവരുത്തുന്നതാണ്. മയോണൈസ് പോലുളളവ തയാറാക്കി ഒരു മണിക്കൂറിനുളളില്‍ ഉപയോഗിക്കുന്നതാണ് സുരക്ഷിതം.കടകളില്‍നിന്ന് പാഴ്സലായി വിൽപ്പന നടത്തുന്ന ഊണ്, മറ്റ് ഭക്ഷണ സാധനങ്ങള്‍ എന്നിവക്കെല്ലാം നിയമം ബാധകമാണ്. ഓണ്‍ലൈന്‍ വഴി വിപണനം നടത്തുന്ന ഭക്ഷണ പാക്കറ്റുകളിലും ലേബല്‍ പതിക്കണം. ഉപഭോക്താക്കള്‍ പാചകം ചെയ്ത ഭക്ഷണ സാധനങ്ങള്‍ സമയ പരിധിക്കുളളില്‍ കഴിക്കണമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് അറിയിച്ചു.