കൊല്ലം: പരവൂർ മുൻസിഫ് മജിസ്ട്രേട്ട് കോടതിയിലെ എപിപി എസ്. അനീഷ്യ ജീവനൊടുക്കിയ സംഭവത്തിലെ ക്രൈംബ്രാഞ്ച് അന്വേഷണം ഉടൻ ആരംഭിക്കും. സിറ്റി ക്രൈംബ്രാഞ്ച് എസിപി സക്കറിയ മാത്യുവിനാണ് അന്വേഷണ ചുമതല നൽകിയിട്ടുള്ളത്.
അന്വേഷണ സംഘത്തിൽ ആരെയൊക്കെയാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് സിറ്റി പോലീസ് കമ്മീഷണർ വിവേക് കുമാറിന്റെ ഉത്തരവിൽ പറയുന്നില്ല. ഇക്കാര്യത്തിൽ കൂടി തീരുമാനം ഉണ്ടായ ശേഷമായിരിക്കും അന്വേഷണം തുടങ്ങുക.
കേസ് സംബന്ധമായ ഫയലുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരവൂർ പോലീസ് ഇന്നു തന്നെ ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറും എന്നാണ് വിവരം. ഇതിൽ അനീഷ്യയുടെ ആത്മഹത്യാ കുറിപ്പ്, ഡയറിക്കുറിപ്പുകൾ, ബന്ധുക്കളുടെ മൊഴികൾ, മൊബൈൽ ഫോൺ എന്നിവയും ഉൾപ്പെടും.
അതേ സമയം സംഭവത്തിൽ ആരോപണ വിധേയരായ എപിപി, ഡിഡിപി എന്നിവർക്കെതിരേ നടപടി വന്നേക്കും എന്ന സൂചനയുമുണ്ട്. ഇവരെ സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്തണമെന്നാണ് കൊല്ലം ബാർ അസോസിയേഷന്റെ ആവശ്യം.
ഇരുവരെയും ബഹിഷ്കരിക്കാനും അസോസിയേഷൻ ജനറൽ ബോഡി യോഗം തീരുമാനിച്ചിട്ടുണ്ട്. എപിപിയെ ബഹിഷ്കരിക്കാൻ പരവൂരിലെ അഭിഭാഷകരും ഇന്നലെ യോഗം ചേർന്ന് തീരുമാനം എടുത്തു.
ഡയറക്ടർ ജനറൽ പ്രോസിക്യൂഷൻ ടി.എ. ഷാജി ഉത്തരവിട്ട അന്വേഷണവും ഇതുവരെ ആരംഭിച്ചിട്ടില്ല. എറണാകുളം ഹെഡ് ക്വാർട്ടേഴ്സ് ഡിഡിപി കെ. ഷീബയ്ക്കാണ് അന്വേഷണ ചുമതല. ഇവർ ഇന്നോ നാളെയോ പരവൂരിൽ എത്തി അന്വേഷണം തുടങ്ങുമെന്നാണ് വിവരം.
രണ്ടാഴ്ചക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്. അതേ സമയം പരവൂർ സിഐ എ.നിസാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ അനീഷ്യയുടെ പരവൂർ നെടുങ്ങോലത്തെ വീട്ടിൽ എത്തി വിശദമായ പരിശോധനകളും ബന്ധുക്കളിൽ നിന്ന് വിശദമായ മൊഴിയെടുപ്പും നടത്തി.
അനീഷ്യയുടെ മൊബൈൽ ഫോണിൽ നിന്നുള്ള അഞ്ച് വാട്സ് ആപ്പ് സന്ദേശങ്ങൾ മാത്രമാണ് നിലവിൽ പുറത്ത് വന്നിട്ടുള്ളത്. ഫോണിൽ കൂടുതൽ തെളിവുകൾ ഉണ്ടെന്നാണ് പോലീസ് കരുതുന്നത്. സുഹൃത്തുക്കൾക്ക് അയച്ച സന്ദേശങ്ങളിൽ അനീഷ്യ ഇക്കാര്യം വ്യക്തമാക്കുന്നുമുണ്ട്.
ഫോൺ ഇനി കോടതിയുടെ അനുമതിയോടെ പരിശോധനയ്ക്കായി ക്രൈംബ്രാഞ്ച് സംഘം തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ അയക്കും. ഏതായാലും ഫോണിലെ ഉള്ളടക്കം കേസിൽ നിർണായകമാകും എന്നാണ് കരുതുന്നത്.
എസ്. ആർ. സുധീർ കുമാർ