തിരുവനന്തപുരം: നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗം മുഴുവനായി വായിക്കാത്ത ഗവർണറു ടെ നടപടി നിയമസഭയോടുള്ള അവഗണനയും അവഹേളനവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാരും ഗവർണറും തമ്മിൽ നടക്കുന്ന രാഷ്ട്രീയ നാടകത്തിന്റെ പരിസമാപ്തിയാണ് ഇന്ന് സഭയിൽ കണ്ടതെന്നും അദ്ദേഹം ആരോപിച്ചു.
കേന്ദ്രസർക്കാരിനെതിരെ ഡൽഹിയിൽ ഒറ്റക്ക് സമരം നടത്തുമെന്ന് പറഞ്ഞ മുഖ്യമന്ത്രി കേന്ദ്ര ഏജൻസികളെ ഭയന്ന് സമരത്തിൽ നിന്ന് പിൻമാറി പൊതുസമ്മേളനമാക്കി ചുരുക്കിയെന്നും സതീശൻ പറഞ്ഞു.
കേന്ദ്രസർക്കാരിനെതിരെ ധനപരമായ കാര്യങ്ങൾ അല്ലാതെ നയപ്രഖ്യാപനത്തിൽ ഒരു വിമർശനവുമില്ല. കേരളീയം, നവകേരള സദസ് എന്നിവയുടെ പേരിൽ വ്യാപകപണപ്പിരിവ് നടത്തി.
ഇതിന്റെ കണക്കുകളും സ്പോണ്സർമാരുടെ വിവരങ്ങളും വിവരാവകാശം വഴി ചോദിച്ചിട്ടും സർക്കാർ നൽകിയില്ല. കേരളത്തിൽ സർക്കാരിന്റെ ധൂർത്ത് കാരണം എല്ലാ വകുപ്പുകളുടെയും പ്രവർത്തനം താറുമാറായി.
ലൈഫ് മിഷൻ പദ്ധതി പൂർണമായി തകർന്നു. 700 കോടിയിൽപരം രൂപ വകയിരുത്തിയിട്ട് ആകെ നൽകിയത് 18 കോടി മാത്രമാണ്. സർക്കാരിന്റെ നയപ്രഖ്യാപനം വാചകകസർത്താണ്.
കൃഷി, ആരോഗ്യം, വിദ്യാഭ്യാസം ഉൾപ്പെടെയുള്ള മേഖലകൾ ഇരുട്ടിലാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലെ മീഡിയ റൂമിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.