കണ്ണൂർ: കോളജ് വിദ്യാർഥികൾക്ക് മയക്കുമരുന്ന് എത്തിക്കുന്ന തളിപ്പറന്പ് സ്വദേശിയെ എക്സൈസ് സംഘം പിടികൂടി. തളിപ്പറന്പ് മുക്കോല സ്വദേശിയായ നദീറി (28) നെയാണ് മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനും കഞ്ചാവുമായി കണ്ണൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.പി. ജനാർദനന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇയാളുടെ കൈയിൽ നിന്ന് അഞ്ചു ഗ്രാം മെത്താഫിറ്റാമിനും ഒരു പായ്ക്കറ്റ് കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്.
എക്സൈസ് ഇൻസ്പെക്ടർ പി.പി. ജനാർദനന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആഴ്ചകളായി ഇയാൾ കണ്ണൂർ എക്സൈസ് സംഘത്തിന്റെ നീരീക്ഷണത്തിലായിരുന്നു. നിരവധി മയക്കുമരുന്നു കേസുകളിൽ പ്രതിയായ നദീർ ബംഗളൂരുവിൽ നിന്ന് നേരിട്ട് മയക്കുമരുന്നും കഞ്ചാവും വാങ്ങി കണ്ണൂർ ജില്ലയിലെ കോളജുകൾ കേന്ദ്രീകരിച്ച് വില്പന നടത്തി വരികയായിരുന്നു.
തളിപ്പറന്പ് എക്സൈസ് ഓഫീസിൽ മാത്രം ഇയാൾക്കെതിരേ മൂന്ന് മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തളിപ്പറന്പ്, ധർമശാല കേന്ദ്രീകരിച്ചാണ് വിദ്യാർഥികൾക്ക് മയക്കുമരുന്ന് നല്കുന്നത്.
ധർമശാലയിലെ രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് മയക്കുമരുന്ന് എത്തിച്ച് കൊടുക്കുന്നതിൽ പ്രധാനിയാണ് നദീറെന്ന് എക്സൈസ് സംഘം പറഞ്ഞു. പെൺകുട്ടികളടക്കം നിരവധി വിദ്യാർഥികളെയും യുവാക്കളെയും ഇയാൾ മയക്കുമരുന്നിന്റെ ചതിയിൽപെടുത്തിയിട്ടുണ്ട്.
ഫോണിലുടെ മയക്കുമരുന്ന് ആവശ്യപ്പെട്ടാൽ ഏതെങ്കിലും സ്ഥലത്ത് മയക്കുമരുന്ന് ഒളിപ്പിച്ച് വച്ച് അതിന്റെ ലൊക്കേഷൻ വാങ്ങുന്നവർക്ക് അയച്ച് കൊടുക്കുകയും ഓൺലെൻ പേമെന്റിലൂടെ പൈസ വാങ്ങുകയുമാണ് ഇയാളുടെ രീതി. കണ്ണൂർ തെക്കി ഭാഗത്ത് മയക്കുമരുന്ന് വിൽക്കുന്നതിന് വരുന്നതിനിടയിലാണ് ഇയാൾ എക്സൈസിന്റെ പിടിയിലായത്.
മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട് രണ്ടു മാസം റിമാൻഡിൽ കഴിഞ്ഞ പ്രതി അടുത്തിടെയാണ് ജയിലിൽ നിന്ന് ഇറങ്ങിയത്. പെൺകുട്ടികളടക്കം നിരവധി വിദ്യാർഥികളെയും യുവാക്കളെയും ഇയാൾ മയക്കുമരുന്നിന്റെ വലയിലാക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ധർമശാല കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാൾ എക്സൈസിന്റെ പിടിയിലായത്.
പ്രതിയെ പിടികൂടിയ സംഘത്തിൽ പ്രിവന്റീവ് ഓഫീസർ നിസാർ കൂലോത്ത്, വി.കെ.വിനോദ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് സി. ജിതേഷ്, സിവിൽ എക്സൈസ് ഓഫീസർ കെ. സനീബ്, എക്സൈസ് ഡ്രൈവർ പ്രകാശൻ എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു..