ഹൈദരാബാദ്: തെലുങ്കാന സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥന്റെ വീട്ടിൽ അഴിമതി വിരുദ്ധ ബ്യൂറോ നടത്തിയ റെയ്ഡിൽ 100 കോടി രൂപയുടെ അനധികൃത സ്വത്ത് കണ്ടെത്തി.
സ്റ്റേറ്റ് റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റി സെക്രട്ടറിയും ഹൈദരാബാദ് മെട്രോപൊളിറ്റൻ ഡെവലപ്മെന്റ് അഥോറിറ്റിയുടെ മുൻ ഡയറക്ടറുമായ ശിവ ബാലകൃഷ്ണയുടെ വസതിയിൽനിന്നും ഓഫീസുകളിൽനിന്നുമാണ് കണക്കിൽപ്പെടാത്ത സ്വത്തുക്കൾ കണ്ടെത്തിയത്. ബുധനാഴ്ച പുലർച്ചെ അഞ്ചിന് ആരംഭിച്ച പരിശോധനകൾ തുടരുകയാണ്.
സ്വർണം, ഫ്ലാറ്റുകൾ, ബാങ്ക് നിക്ഷേപങ്ങൾ, ബിനാമി നിക്ഷേപങ്ങൾ എന്നിവയുൾപ്പെടെ 100 കോടിയിലധികം മൂല്യമുള്ള സ്വത്തുക്കളാണ് ഇതുവരെ കണ്ടെത്തിയത്.
40 ലക്ഷം രൂപയുടെ കറൻസി നോട്ട്, രണ്ട് കിലോഗ്രാം സ്വർണാഭരണം, 60 ആഡംബര വാച്ചുകൾ, കോടികൾ വിലമതിക്കുന്ന വസ്തുക്കളുടെ പ്രമാണങ്ങൾ, ബാങ്ക് നിക്ഷേപ രേഖകൾ, 14 ഫോൺ, 10 ലാപ്ടോപ്, നിരവധി ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവയാണു പിടിച്ചെടുത്തത്. ഇയാളുടെ ബാങ്ക് ലോക്കറുകളിലടക്കം പരിശോധനകൾ നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
നിരവധി റിയൽ എസ്റ്റേറ്റ് കമ്പനികൾക്ക് പെർമിറ്റ് അനുവദിച്ച് ബാലകൃഷ്ണ കോടികൾ സമ്പാദിച്ചെന്നാണ് പ്രാഥമിക കണ്ടെത്തൽ. ബാലകൃഷ്ണയുടെയും ബന്ധുക്കളുടെയും വീടുകളും ഓഫീസുകളും ഉൾപ്പെടെ സംസ്ഥാനത്തുടനീളമുള്ള നിരവധി സ്ഥലങ്ങളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി.
തന്റെ ഔദ്യോഗിക പദവി മുതലെടുത്തു വൻതോതിൽ സ്വത്തു സമ്പാദിച്ചെന്നു സംശയിക്കുന്ന ബാലകൃഷ്ണയ്ക്കെതിരേ അനധികൃത സ്വത്തു സമ്പാദനത്തിന് കേസ് രജിസ്റ്റർ ചെയ്തു.