വീട്ടുകാരോടും സുഹൃത്തുക്കളോടും ഒപ്പം വിവാഹമാഘോഷിക്കാൻ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാൽ ആവേശം അതിരുവിട്ട് വിവാഹ ദിനത്തിൽ അപകടം സംഭവിക്കുന്ന വാർത്തകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ വരാറുണ്ട്.
വിവാഹാഘോഷങ്ങൾക്കിടയിൽ നൃത്തവേദി തകർന്ന് വധൂവരന്മാർ ഉൾപ്പെടെ മുപ്പതോളം അതിഥികൾ 25 അടി താഴ്ചയിലേക്ക് വീണ വാർത്തയാണ് അതിൽ ഒടുവിലത്തേത്. ഇറ്റലിയിലെ പിസ്റ്റോയയിലെ ചരിത്രപ്രസിദ്ധമായ ജിയാചെറിനോ ആശ്രമത്തിൽ നടന്ന വിവാഹാഘോഷങ്ങളാണ് ദുരന്തത്തിൽ അവസാനിച്ചത്.
സംഭവം നടക്കുമ്പോൾ വധുവും വരനും ഉൾപ്പെടെ മുപ്പതോളം അതിഥികൾ ആ വേദിയിൽ ഉണ്ടായിരുന്നു. ആഘോഷങ്ങൾക്കിടയിൽ നൃത്തം ചെയ്യാനായി തയാറാക്കിയിരുന്ന വേദി തകർന്നായിരുന്നു അപകടം.
25 അടിയുള്ള ഒരു കുളത്തിന് മുകളിലായിരുന്നു വേദി തയാറാക്കിയിരുന്നത്. ആളുകളുടെ തുടർച്ചയായ നൃത്തം ചെയ്യലിനെ തുടർന്നാണ് വേദി തകർന്ന് ആഘോഷങ്ങൾ അപ്രതീക്ഷിത ദുരന്തത്തിന് വഴിമാറിയത്. ഉടൻ തന്നെ രക്ഷാസേനയുടെ സഹായത്തോടെ എല്ലാവരെയും പുറത്തിറക്കാൻ കഴിഞ്ഞതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. വരനും വധുവും ഉൾപ്പടെ നിരവധി പേർക്ക് സംഭവത്തിൽ പരിക്കേറ്റു.