വിവാഹത്തിനുള്ള തയാറെടുപ്പുകൾ ആരംഭിക്കുമ്പോൾ തന്നെ ഹണിമൂൺ എവിടെയായിരിക്കണമെന്നും ഇന്നത്തെ കാലത്ത് ദമ്പതികൾ തീരുമാനമെടുക്കും. പോസ്റ്റ് വെഡ്ഡിംഗ് ഫോട്ടോഷൂട്ടിനായി ഏറ്റവും മനോഹരമായ സ്ഥലം തന്നെ അവർ തെരഞ്ഞെടുക്കുകയും ചെയ്യും.
എന്നാൽ ഹണിമൂൺ ആഘോഷിക്കാൻ ഗോവയിൽ പോകാമെന്ന് വാഗ്ദാനം നൽകിയ ശേഷം അയോധ്യയിലേക്കും വാരണാസിയിലേക്കും കൊണ്ടുപോയതിൽ പ്രതിഷേധിച്ച് യുവതി വിവാഹമോചനം ആവശ്യപ്പെട്ട വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
മധ്യപ്രദേശ് സ്വദേശിയായ യുവതിയാണ് വിവാഹമോചനം ആവശ്യപ്പെട്ടത്. വിവാഹം കഴിഞ്ഞ് അഞ്ച് മാസമായപ്പോഴാണ് യുവതി ഭർത്താവിനെതിരെ രംഗത്തെത്തിയത്. യാത്ര കഴിഞ്ഞ് എത്തി 10 ദിവസത്തിന് ശേഷമാണ് യുവതി ഭോപ്പാൽ കുടുംബ കോടതിയിൽ വിവാഹ മോചനം തേടി കേസ് ഫയൽ ചെയ്തത്.
ഹണിമൂൺ ആഘോഷത്തിനായി വിദേശത്ത് പോകാൻ സാമ്പത്തിക സ്ഥിതിയുണ്ടെന്നും ഭർത്താവ് ഐടി മേഖലയിലാണ് ജോലി ചെയ്യുന്നതെന്നും നല്ല ശമ്പളം ലഭിക്കുന്നുവെന്നും വിവാഹമോചന ഹർജിയിൽ യുവതി പറയുന്നു. യുവതിയും ഉദ്യോഗസ്ഥാണ്. എന്നാൽ വീട്ടിൽ മാതാപിതാക്കളെ നോക്കാൻ ആരുമില്ലാത്തതിനാൽ ഹണിമൂണിന് വിദേശത്തേക്ക് പോകേണ്ടതില്ലെന്നും പകരം ഗോവയിലോ ദക്ഷിണേന്ത്യയിലെ മറ്റെവിടെയെങ്കിലുമോ സന്ദർശിക്കാമെന്നും ഭർത്താവ് പറഞ്ഞു.
തുടർന്ന് ഭാര്യയോട് പറയാതെ അയോധ്യയിലേക്കും വാരണാസിയിലേക്കും വിമാന ടിക്കറ്റ് ബുക്ക് ചെയ്യുകയും ചെയ്തു. രാമക്ഷേത്രം പ്രതിഷ്ഠാ ചടങ്ങിന് മുമ്പ് തന്റെ അമ്മ അയോധ്യ സന്ദർശിക്കാൻ ആഗ്രഹിച്ചതിനാലാണ് ടിക്കറ്റ് ബുക്ക് ചെയ്തതെന്ന് യാത്രയുടെ തലേദിവസമാണ് ഇയാൾ ഭാര്യയോട് പറയുന്നത്.
യുവതി അപ്പോഴൊന്നും യാത്രയോട് എതിർപ്പ് പറഞ്ഞില്ല. തീർഥാടന സ്ഥലങ്ങളിൽ നിന്ന് തിരിച്ചെത്തിയ യുവതി ഭർത്താവിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു.