ജനിച്ച ഉടൻതന്നെ വേർപിരിഞ്ഞ് പിന്നീട് പലസ്ഥലങ്ങളിലായി വളർന്ന്, ഒടുവിൽ വർഷങ്ങൾക്കിപ്പുറം കണ്ടുമുട്ടുന്ന സഹോദരങ്ങളുടെ കഥ പറയുന്ന സിനിമകൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ സിനിമാക്കഥയെ വെല്ലുന്ന സംഭവമാണ് കിഴക്കൻ യൂറോപ്യൻ രാജ്യമായ ജോർജിയയിൽ നടന്നത്. ഇരട്ടകളായി ജനിച്ച രണ്ട് പെൺകുട്ടികൾ ഒരേ നഗരത്തിൽ പരസ്പരം തിരിച്ചറിയാതെ 19 വർഷത്തോളമാണ് കഴിഞ്ഞത്. സോഷ്യൽ മീഡിയയാണ് അവസാനം ഇരുവരെയും ഒന്നിപ്പിച്ചത്.
ടിക് ടോകിലെ വിഡിയോകളും ടിവിയിലെ ഒരു ടാലന്റ് ഷോയുമാണ് രണ്ടുപേരും തങ്ങൾ ഒരമ്മയുടെ മക്കളാണെന്നും ഇരട്ടകളായി ഒരേദിവസം പിറന്നവരാണെന്നും തിരിച്ചറിയാൻ സഹായിച്ചത്. ആമി ഖിവീഷ്യ, ആനോ സർതാനിയ എന്നീ കുട്ടികളാണ് ജന്മനാ പിരിഞ്ഞ് പരസ്പരം തിരിച്ചറിയാതെ വർഷങ്ങളോളം കഴിഞ്ഞത്.
ജോർജിയ സ്വദേശി അസ ഷോണി 2002 ൽ ആണ് ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജൻമം നൽകിയത്. പ്രസവത്തോടെ അസ ഷോണി കോമയിലായി. തുടർന്ന് മക്കളെ വളർത്താൻ മറ്റൊരു വഴിയും ഇല്ലാത്തതിനാൽ അസ ഷോണിയുടെ ഭർത്താവ് ഗോച്ച ഗഗാറിയ കുഞ്ഞുങ്ങളെ വിൽക്കാൻ തീരുമാനിക്കുകയായിരുന്നു. ഒടുവിൽ അവർ കുഞ്ഞുങ്ങളെ രണ്ട് ദമ്പതിമാർക്ക് കൈമാറി ആനോയെ തിബിലിസി കുടുംബമാണ് വളർത്തിയത്. ആമി സുഗ്ദിദിയിലും വളർന്നു. 11 വയസു വരെ രണ്ടുപേരും പരസ്പരം തിരിച്ചറിയാതെ ഒരേ നഗരത്തിൽ വളർന്നു.
ആമിയും ആനോയും ആദ്യമായി ഇരുവർക്കും പന്ത്രണ്ട് വയസുള്ളപ്പോഴാണ് തങ്ങള് തമ്മിൽ എന്തോ സാമ്യതകളുണ്ടെന്ന് മനസിലാക്കുന്നത്. ജോർജിയാസ് ഗോട്ട് ടാലന്റ് എന്ന ടിവി ഷോ ആമി ഖിവീഷ്യയുടെ പ്രിയപ്പെട്ട ടിവി ഷോകളിലൊന്നായിരുന്നു. ഒരിക്കൽ ടിവിയിൽ ഷോ കണ്ടുകൊണ്ടിരിക്കെയാണ് തന്നെ പോലെയുള്ള ഒരുപെൺകുട്ടി നൃത്തം ചെയ്യുന്നത് ആമി കാണുന്നത്. എന്നാൽ അത് തന്റെ സഹോദരിയാണെന്ന രഹസ്യം ആമിക്ക് മനസിലാക്കാൻ അന്ന് കഴിഞ്ഞില്ല. പിന്നീട് ആ കുട്ടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കണ്ടെത്താനുമായില്ല.
ശേഷം കുറച്ച് വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് ടിക്ടോകിൽ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോയിൽ കാണാൻ തന്നെ പോലെയുള്ള ഒരു പെൺകുട്ടിയുയെ ആനോ ശ്രദ്ധിക്കുന്നത്. അക്കൌണ്ട് ഫോളോ ചെയ്ത് വീഡിയോകൾ ശ്രദ്ധിച്ച ആനോ വൈകാതെ തന്നെ ഇത് തന്റെ ഇരട്ടസഹോദരിയാണെന്ന് തിരിച്ചറിഞ്ഞു. ഇങ്ങനെയൊക്കെ ആണെങ്കിലും നാളുകൾക്ക് ശേഷമാണ് ഇരുവരും തമ്മിൽ കാണുന്നത്. ഇരുവർക്കും 19 വയസുള്ളപ്പോഴാണ് ജനിച്ച അന്ന് വേർപിരിഞ്ഞ ശേഷം ആമിയും ആനോയും കണ്ടുമുട്ടുന്നത്.