മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണമാണ് പുട്ട്. കടലക്കറിയും, പപ്പടവും, പഴവുമൊക്കെ കൂട്ടി പുട്ടങ്ങ് ടത്തിയാൽ എന്റെ സാറേ… പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ സാധിക്കില്ലെന്ന് തന്നെ പറയാം. എന്നാൽ ചിലർക്ക് പുട്ടും മീൻ കറിയുമാണ് ഇഷ്ടം. മറ്റു ചിലർക്കാകട്ടെ പുട്ടും ചിക്കനും. അങ്ങനെ പോകുന്നു പുട്ടിന്റെ കോന്പിനേഷനുകൾ.
ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും വലിയ പുട്ട് ഉണ്ടാക്കി ഞെട്ടിച്ചിരിക്കുകയാണ് വ്ലോഗർ ഫിറോസ് ചുട്ടിപ്പാറ. യൂട്യൂബിൽ ഇത്തരം പരീക്ഷണങ്ങളുമായി വീഡിയോ ഇടാറുള്ള വ്യക്തിയാണ് ഫിറോസ്. നാട്ടിൽ മാത്രമല്ല വിദേശത്തും ഫിറോസിന് ആരാധകർ ഏറെയാണ്. ലോകത്തിലെ ഏറ്റവും വലിയ ഫലൂഡ, കേക്ക്, ഷേക്ക് അങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ പാചക പരീഷണങ്ങൾ. 70 ലക്ഷത്തിൽ അധികം സബ്സ്ക്രൈബേഴ്സാണ് ഇദ്ദേഹത്തിനുള്ളത്.
ലോകത്തിലെ ഏറ്റവും വലിയ പുട്ടുണ്ടാക്കുന്ന വിഡിയോ പങ്കുവച്ചിരിക്കുകയാണ് ഫിറോസ് ചുട്ടിപ്പാറ. വില്ലേജ് ഫുഡ് ചാനൽ എന്ന തന്റെ യൂട്യൂബ് ചാനലിലാണ് ലോകത്തിലെതന്നെ ഏറ്റവും വലിയ പുട്ട് ഉണ്ടാക്കുന്ന വീഡിയോ പങ്കുവച്ചത്. പുട്ട് ഉണ്ടാക്കുന്നതിനു വേണ്ടി 30 അടി നീളമുളള പുട്ട് കുറ്റിയാണ് തയ്യാറാക്കിയത്.
ഏകദേശം 60 കിലോയോളം പുട്ടുപൊടിയും പുട്ട് ഉണ്ടാക്കുന്നതിന് ഉപയോഗിച്ചിട്ടുണ്ട്. പുട്ടിനുളള പൊടി നനച്ച ശേഷം 30 അടിയോളം ഉയരത്തിലേക്ക് കയറില്‍ കെട്ടി വലിച്ചാണ് പൊടിയും തേങ്ങയും മുകളിലെത്തിച്ചത്. അവിടെ നിന്ന് പൊടി പുട്ടുകുറ്റിയിലേക്ക് നിറയ്ക്കുകയായിരുന്നു. വെന്ത ശേഷം ഫിറോസും കൂട്ടുകാരും ചേര്‍ന്ന് നിരത്തിവച്ച വാഴയിലയിലേക്ക് പുട്ട് കുത്തിയിട്ടു. എന്തായും വീഡിയോ പെട്ടെന്ന് തന്നൈ വൈറലായി. ലോകത്തിലെ ഏറ്റവും വലിയ പുട്ട്തന്നെയാണ് ഇതെന്ന് പലരും കമന്റ് ചെയ്തു. ഇതെപ്പോ തിന്നു തീർക്കുമെന്നുള്ള രസകരമായ കമന്റുകളും വീഡിയോയ്ക്കുണ്ട്.