റോഡിലൂടെ സഞ്ചരിക്കുന്ന ഇലക്ട്രിക് വാഹനങ്ങൾ താനെ ചാർജ് ചെയ്യുന്ന ടെക്നോളജി ലോകത്ത് ആദ്യമായി അവതരിപ്പിച്ച നഗരങ്ങളിലൊന്ന് ദുബായി ആണ്. ഇലക്ട്രിക് ബസുകളും കാറുകളും റോഡിലൂടെ പോകുമ്പോൾ റോഡ് തന്നെ ചാർജറാകുന്ന സംവിധാനമാണിത്.
ഇതിന് മുകളിലൂടെ പോകുമ്പോൾ ഷോക്ക് ഏൽക്കുമോ എന്ന പേടി വേണ്ട. കാൽനടയാത്രക്കാർക്കോ മറ്റ് വാഹനങ്ങൾക്കോ ഒരു പ്രശ്നവും ഇത് സൃഷ്ടിക്കുന്നില്ല. ഷേപ്ഡ് മാഗ്നറ്റിക് ഫീൽഡ് ഇൻ റസൊണൻസ് (എസ്എംഎഫ്ഐആർ) ഉപയോഗിച്ചാണ് ചാർജിംഗ് സാധ്യമാക്കുന്നത്.
60മീറ്റർ മാത്രമേ ഈ ചാർജിംഗ് പാതയ്ക്ക് നീളമുള്ളൂ.കേബിൾ ഉപയോഗിച്ച് ചാർജ് ചെയ്യുന്നതിനെക്കാൾ ഫലപ്രദമാണ് ഈ രീതിയെന്നാണ് വിദ്ഗധർ അഭിപ്രായപ്പെടുന്നത്. ബസുകൾ ഒരു തവണ ചാർജ് ചെയ്താൽ ശരാശരി 200 കിലോമീറ്റർ ഓടും. താപനില, റോഡിന്റെ പ്രത്യേകതകൾ, വാഹനത്തിലെ എയർകണ്ടീഷനുകളുടെ പ്രവർത്തനം എന്നിവയെ ആശ്രയിച്ചാണിത്.
ഇത്തരം നൂതന ചാർജിംഗ് രീതികളും ചാർജിംഗ് സ്റ്റേഷനുകളും സ്ഥാപിക്കുന്നത് വഴി പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ ഉപയോഗം വർധിപ്പിക്കുക എന്നതാണ് ദുബായി ലക്ഷ്യമിടുന്നത്.