കൊച്ചി: കൊച്ചി കപ്പല്‍ശാലയിലെ ചിത്രങ്ങളും വിവരങ്ങളും ചോര്‍ത്തിയ സംഭവത്തില്‍ ഫേസ്ബുക്കില്‍ നിന്നുള്ള റിപ്പോര്‍ട്ട് കാത്ത് പോലീസ് സംഘം. കേസുമായി ബന്ധപ്പെട്ട് കപ്പല്‍ശാലയിലെ താല്‍ക്കാലിക ജീവനക്കാരന് മലപ്പുറം സ്വദേശി ശ്രീനിഷ് പൂക്കോടിനെ എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അണ് ഇന്‍സ്റ്റാള്‍ ചെയ്ത ഈ അക്കൗണ്ട് വീണ്ടെടുക്കാന്‍ ഫേസ്ബുക്കിന് കത്ത് നല്‍കിയെങ്കിലും റിപ്പോര്‍ട്ട് ഇനിയും ലഭ്യമായിട്ടില്ല. ഫേസ്ബുക്കുമായി ബന്ധപ്പെട്ട് കേസുകളില്‍ വിവരങ്ങള്‍ കൈമാറുന്നതില്‍ നോഡല്‍ ഓഫീസര്‍മാര്‍ വീഴ്ച വരുത്തുന്നതായി നേരത്തെയും പരാതി ഉയര്‍ന്നിരുന്നു. റിപ്പോര്‍ട്ട് ലഭ്യമാകാത്തതിനെത്തുടര്‍ന്ന് കേസ് അന്വേഷണം പ്രതിസന്ധിയിലായിരിക്കുകയാണ്.
ശ്രീനിഷ് പൂക്കോടിന്റെ സാമ്പത്തിക ഇടപാടുകളിലും പോലീസ് അന്വേഷണം നടത്തിയെങ്കിലും കാര്യമായ വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. ഏയ്ഞ്ചല്‍ പായലുമായി നടത്തിയ ചാറ്റുകള്‍ വീണ്ടെടുത്ത് എന്തെല്ലാം കാര്യങ്ങളാണ് പ്രതി ചോര്‍ത്തി നല്കയിട്ടുള്ളതെന്ന് കണ്ടെത്തുകയാണ് പോലീസിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി. വിവരങ്ങള്‍ ലഭ്യമാകാന്‍ വൈകുന്നതോടെ ഇതിന്റെ സാധ്യതയും മങ്ങുകയാണ്.
കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഡിസംബര്‍ ആദ്യവാരം വരെയുള്ള കാലയളവിലായിരുന്നു ചാറ്റിംഗ്.
നാവികസേനയുടെ നിര്‍മാണത്തിലുള്ള കപ്പലിന്റെ തന്ത്രപ്രധാന ഭാഗങ്ങളുടെ ചിത്രങ്ങൾ, പ്രതിരോധ കപ്പലുകള്‍ ഉള്‍പ്പെടെയുള്ളവയുടെ വരവ്, അറ്റകുറ്റപ്പണികൾ, അവയുടെ വിവരങ്ങള്‍, വിവിഐപികളുടെ സന്ദര്‍ശനം തുടങ്ങിയവയാണ് ഇയാള്‍ സമൂഹമാധ്യമം വഴി കൈമാറിയത്. ഡിസംബര്‍ 20നാണ് ശ്രീനിഷിനെ എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. മുംബൈയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ നിന്നാണ് കൊച്ചി കപ്പല്‍ശാലയിലെ രഹസ്യങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചത്.