പട്ടായ നഗരത്തെ അമ്പരിപ്പിച്ച കാഴ്ചയായിരുന്നു അത്! ലോകത്തെ ആഡംബരക്കാറുകളിൽ മുൻനിരയിൽത്തന്നെയുള്ള ബെന്റ്ലിയുടെ പിൻസീറ്റിൽ സിംഹക്കുട്ടിയെ ഇരുത്തി നഗരവീഥിയിലൂടെ ഒരു യുവാവ് പായുന്നു. ചോൻബുരി പ്രവിശ്യയിലെ ബാംഗ് ലാമുംഗ് ജില്ലയിലായിരുന്നു സിംഹക്കുട്ടിയുമായുള്ള സാഹസികയാത്ര. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിമിഷനേരങ്ങൾക്കുള്ളിൽ വൈറലായി.
വീഡിയോയുടെ തുടക്കത്തിൽ ചന്തമുള്ള സിംഹക്കുട്ടി കാറിന്റെ പിൻസീറ്റിൽ ഇരിക്കുന്നതു കാണാം. തലയും രണ്ടു കാലുകളും പുറത്തേക്കിട്ടാണു യുവരാജന്റെ ഇരിപ്പ്. കഴുത്തിൽ ബെൽറ്റ് ധരിപ്പിച്ചിട്ടുള്ള സിംഹക്കുട്ടി കാറിലിരുന്നയാളുടെ ആജ്ഞകേട്ട് കാലും തലയും അകത്തേക്കിട്ട് സീറ്റിൽ അനുസരണയോടെ ഇരുന്നു യാത്ര തുടരുന്നു. സിംഹക്കുട്ടിക്ക് ഏകദേശം 4-5 മാസം പ്രായമുണ്ടാകും.
വീഡിയോ പുറത്തുവന്നതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാറും സിംഹക്കുട്ടിയും ഇന്ത്യക്കാരനായ സാവൻജിത് കൊസൂംഗ്നെറിന്റേതാണെന്നു പോലീസ് തിരിച്ചറിഞ്ഞു.
കാർ ഓടിച്ചത് അയാളുടെ സുഹൃത്ത് ആണെന്നും വ്യക്തമായി. ഇരുവർക്കുമെതിരേ നിയമനടപടിയിലേക്കു നീങ്ങുകയാണു പോലീസ്. തായ്ലൻഡിൽ സിംഹങ്ങൾപോലുള്ള മൃഗങ്ങളെ വാങ്ങാനും പരിപാലിക്കാനും നിയമം അനുവദിക്കുന്നുണ്ട്. എന്നാൽ, മുൻകൂർ അനുമതിയില്ലാതെ വന്യമൃഗങ്ങളെ പൊതുസ്ഥലത്തു കൊണ്ടുപോകുന്നതു നിയമവിരുദ്ധമാണ്.