പാറ്റ്ന: ബിഹാർ മുഖ്യമന്ത്രി പദത്തിൽ നിന്ന് നിതീഷ് കുമാർ രാജിവച്ചു. രാജ്ഭവനിൽ എത്തിയ നിതീഷ് ഗവർണർക്ക് രാജിക്കത്ത് സമർപ്പിച്ചു. എൻഡിഎ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
നിതീഷ് കുമാറിന്റെ ജെഡിയുവും ബിജെപിയും ചേർന്ന് ബിഹാറിൽ പുതിയ മന്ത്രിസഭ രുപീകരിക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാൻ ബിഹാറിലേക്ക് തിരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സുശീൽ മോദിയും രേണു ദേവിയും ഉപമുഖ്യമന്ത്രിമാരാകാനാണ് സാധ്യതയെന്ന് റിപ്പോർട്ട്.
രാവിലെ നിതീഷ് കുമാറിന്റെ വസതിയില്‍ ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തില്‍ എല്ലാ ജെഡിയു എംഎല്‍എമാരും നിതീഷിന്റെ നീക്കത്തെ പിന്തുണച്ചെന്നാണ് വിവരം.
2025 മുതൽ നിതീഷിന് എൻഡിഎ കൺവീനർ പദവി നൽകും. സ്പീക്കർ പദവി ബിജെപിക്ക് നൽകാനും ധാരണയായതായിട്ടാണ് സൂചന.
ആർജെഡി കൈകാര്യം ചെയ്തിരുന്ന വകുപ്പുകളും ബിജെപിക്ക് നൽകും. അടുത്ത തെരഞ്ഞെടുപ്പ് വരെ നിതീഷ്കുമാർ മുഖ്യമന്ത്രിയായി തുടർന്നേക്കുമെന്നാണ് ജെഡിയും ബിജെപിയും തമ്മിലുള്ള ധാരണ.
കഴിഞ്ഞ പാർട്ടി യോഗത്തിലാണ് ജെഡിയു ഇന്ത്യ സഖ്യം വിടാനുള്ള തീരുമാനമെടുത്തത്. ഇന്ത്യ മുന്നണി കൺവീനർ പദവി നൽകുന്നതിന് കോൺഗ്രസും തൃണമൂലും തടയിട്ടതാണ് നിതീഷിനെ ചൊടിപ്പിച്ചത്.