ഉറുമ്പുകൾ കാഴ്ചയിൽ ചെറുതാണെങ്കിലും അത്ര നിസാരക്കാരാണെന്ന് കരുതണ്ട. പുതിയ പഠനം പറയുന്നത് അനുസരിച്ച് ആവാസവ്യവസ്ഥയെ അടിമുടി മാറ്റാനുള്ള കഴിവ് ഉറുമ്പിന് ഉണ്ട്. ഫ്ലോറിഡ സർവകലാശാലയിലെ പ്രൊഫസറായ ടേഡ് പാമറും ഒരു സംഘം ശാസ്ത്രജ്ഞരും ചേർന്നാണ് ഇത്തരത്തിലൊരു കണ്ടെത്തൽ നടത്തിയിരിക്കുന്നത്.
മുപ്പത് വർഷം നീണ്ട ഗവേഷണത്തിനൊടുവിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. കെനിയയിലെ ഓൾ പെജറ്റ കൺസർവൻസിയിലെ ഉറുമ്പുകളും മൃഗങ്ങളും തമ്മിലുള്ള സങ്കീർണമായ ബന്ധത്തെ കുറിച്ചായിരുന്നു പഠനം. ഈ പഠനത്തിൽ ഉറുമ്പുകൾക്ക് സിംഹങ്ങളുടെയും ആനകളുടെയും ഭക്ഷണക്രമത്തെ കാര്യമായി സ്വാധീനിക്കാൻ കഴിയുഞ്ഞെന്നും ഇതുവഴി മൊത്തം ആവാസവ്യവസ്ഥയ്ക്ക് മാറ്റം സംഭവിച്ചതായും പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വിവിധ ഉഷ്ണമേഖല പ്രദേശങ്ങളിലും ഉപോഷ്ണമേഖല പ്രദേശങ്ങളിലും കണ്ടുവരുന്ന വലിയ തലയുള്ള ഉറുമ്പുകളെയാണ് നിരീക്ഷണവിധേയമാക്കിയത്. പ്രൊഫസർ ടോഡ് പാമർ പറയുന്നതനുസരിച്ച്, ഈ ചെറിയ ആക്രമണകാരികൾ ഒരു ആഫ്രിക്കൻ ആവാസവ്യവസ്ഥയെ പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണികളെ സ്വാധീനിക്കുന്നുണ്ട്, ആര് ആരെയാണ് ഭക്ഷിക്കുന്നത് എന്നത് അവ നിർണ്ണയിക്കുന്നു. ഗവേഷക സംഘം ഒളിക്യാമറകൾ, ഉപഗ്രഹങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്ന ലയൺ കോളറുകൾ, സ്റ്റാറ്റിസ്റ്റിക്കൽ മോഡലിംഗ് എന്നിവ ഉപയോഗിച്ചാണ് പഠനം നടത്തിയത്.
ഏറെ അത്ഭുതപ്പെടുത്തുന്ന കാര്യങ്ങളാണ് പഠനത്തിൽ കണ്ടെത്തിയത് . പ്രദേശത്തുണ്ടായിരുന്ന അക്കേഷ്യ ഉറുമ്പുകളെ വലിയ തലയുള്ള ഉറുമ്പുകൾ ആക്രമിച്ചു. ക്രമേണ അക്കേഷ്യ ഉറുമ്പുകൾ പ്രദേശത്ത് നിന്നും അപ്രത്യക്ഷമായി തുടങ്ങുകയും ചെയ്തു. അക്കേഷ്യ ഡ്രെപനോലോബിയം അല്ലെങ്കിൽ വിസിൽ ത്രോൺ എന്നറിയപ്പെടുന്ന ഒരു തരം അക്കേഷ്യ മരത്തിലായിരുന്നു ഈ ഉറുമ്പുകൾ കൂടുതലായും കൂടുകൂട്ടിയിരുന്നത്. ഇത്തരത്തിൽ ഉറുമ്പുകൾ കുടുകൂട്ടുന്നതുകൊണ്ട് തന്നെ ആനകൾ ഈ മരങ്ങളെ തങ്ങളുടെ ആഹാരമാക്കുന്നത് കുറവായിരുന്നു.
അക്കേഷ്യ ഉറുമ്പുകൾ അപ്രത്യക്ഷമായതോടെ ആനകൾ ഇത് ഭക്ഷിച്ചു തുടങ്ങി. മരങ്ങളുടെ കുറവ് വന്നതോടെ ഇവിടെ മറവ് ഇല്ലാതായി. ഇതിനാൽ സിംഹങ്ങൾക്ക് സീബ്രകളെ വേട്ടയാടുന്നതിന് ബുദ്ധിമുട്ടുണ്ടായി. തുടർന്ന് സീബ്രകളെ വേട്ടയാടാൻ കഴിയാതെ വന്നതോടെ ഇവ കാട്ടുപോത്തുകളെ കൂട്ടത്തോടെ വേട്ടയാടാനും തുടങ്ങി.15 വർഷം മുമ്പായിരിക്കാം ഈ ചെറിയ ആക്രമണകാരികളായ ഉറുമ്പുകൾ പ്രത്യക്ഷപ്പെട്ടത് എന്നും പ്രൊഫസർ പാമർ വ്യക്തമാക്കി. അവയെ ആരും ശ്രദ്ധിക്കാതിരുന്നത് മനുഷ്യൻ ഉൾപ്പെടെയുള്ള വലിയ ജീവികളെ അക്രമിക്കാത്തതിനാലാവാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.