കണ്ണൂർ: കടമ്പൂർ ഹയർസെക്കന്ററി സ്കൂളിൽ വ്യാജ പോക്സോ പരാതിയിൽ സസ്പെൻഡ് ചെയ്യപ്പെട്ട അധ്യാപകന് നീതി ലഭിച്ചു. അധ്യാപകനായ പി.ജി.സുധിയെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കുന്നതിന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
സ്കൂളിലെ ഒരു വിദ്യാർഥിയുടെ രക്ഷകർത്താവ് 2022 ഒക്ടോബറിൽ നൽകിയ പോക്സോ പരാതിയിലാണ് അധ്യാപകനെതിരേ നടപടിയെടുക്കുന്നത്. ഗ്രൗണ്ടിനു സമീപത്തെ വിദ്യാര്‍ത്ഥിനികളുടെ വസ്ത്രം മാറുന്ന മുറിയില്‍ കടന്നു ചെന്ന് പതിമൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്കു നേരെ അധ്യാപകൻ പി.ജി. സുധി ലൈംഗിക ചേഷ്ടകള്കാണിക്കുകയും അതിക്രമത്തിന് മുതിരുകയും ചെയ്തുവെന്നായിരുന്നു ആരോപണം. എന്നാൽ പരാതി വ്യാജമാണെന്ന് കണ്ടെത്തിയ പോലീസ് സംഭവത്തിൽ കേസെടുത്തില്ല. പക്ഷേ, കുട്ടിയുടെ രക്ഷകർത്താവ് ഹൈകോടതിയെ സമീപിച്ചു.
കോടതി നിർദേശത്തെ തുടർന്ന് പോലീസ് വീണ്ടും കേസ് അന്വേഷിച്ചു. എന്നാൽ എടക്കാട് പോലീസിന്റെ അന്വേഷണത്തിൽ രക്ഷകർത്താവ് അധ്യാപകനെതിരേ കൊടുത്ത പരാതി വ്യാജമാണെന്ന് കണ്ടെത്തി. തുടർന്ന് സുധിയെ ജോലിയിൽ തിരിച്ചെടുക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിച്ചു.
മാനേജ്മെന്റിനും ചില അധ്യാപകർക്കും സുധിയോടുള്ള വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്ന് കണ്ടെത്തി. സ്കൂളിനെതിരായ വിജിലൻസ് കേസിലുൾപ്പെടെ അധ്യാപകൻ മൊഴി നൽകിയതായിരുന്നു പ്രകോപനം. കളളക്കേസില്‍ കുടുക്കുന്നതിനാണ് അധ്യാപകനെതിരേ വ്യാജ പരാതി നല്‍കിയതെന്നു പോലിസ് കണ്ടെത്തി.
‘കള്ളക്കേസിൽ കുടുക്കുന്നതിനാണ് വ്യാജ പരാതി നൽകിയതെന്ന് അറിയാമായിരുന്നു. ഒരു വർഷവും രണ്ട് മാസവുമായി സസ്പെൻഷനിലായിരുന്നു. ഒരു പോക്സോ കേസിലെ പ്രതിയായി സമൂഹം മുദ്ര കുത്തി. പലരോടും സത്യം പറയാൻ ശ്രമിച്ചു. എന്നാൽ അത് വിശ്വസിക്കാൻ ആരും തയാറായില്ല. ജീവിതം ഇനി മുന്നോട്ട് എങ്ങനെ നയിക്കുമെന്ന് ഭയമായിരുന്നു. സത്യം തെളിഞ്ഞപ്പോൾ സന്തോഷമായി എന്ന് സുധി പറഞ്ഞു’.