മറയൂര്‍: കോടികൾ വിലയുള്ള മറയൂരിലെ ചന്ദനമരങ്ങളുടെ കാവൽക്കാരും കുടുംബവും പട്ടിണിയിൽ. താത്കാലിക ജീവനക്കാരായ വാച്ചര്‍മാര്‍ക്ക് ശമ്പളം നൽകിയിട്ട് മൂന്നു മാസം പിന്നിടുന്നു. മറയൂരിലെ ചന്ദനക്കാടുകള്‍ സംരക്ഷിക്കുന്നതില്‍ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നവരാണ് പ്രദേശവാസികളായ വനംവകുപ്പ് വാച്ചര്‍മാര്‍.
വൈകുന്നേരം ആറിന് ജോലിയില്‍ പ്രവേശിക്കുന്ന ഇവര്‍ രാവിലെ ആറുവരെ കാട്ടിനുള്ളില്‍ തന്നെ വിശ്രമമില്ലാതെ ജോലി ചെയ്യുന്നവരാണ്. വന്യമൃഗങ്ങള്‍, ഇഴജന്തുക്കൾ, പ്രാണികള്‍ ഇവയുടെയെല്ലാം ശല്യവും ആക്രമണവും സഹിച്ചാണ് ഇവർ ജോലിചെയ്യുന്നത്.
മറയൂര്‍ ചന്ദന ഡിവിഷനില്‍ നിലവില്‍ 210 ഓളം താത്കാലിക വാച്ചര്മാരാണുള്ളത്. കോടികൾക്ക് കാവൽ നിന്നാലും മാസം 26 ദിവസങ്ങൾ ജോലി ചെയ്താലും 15 മുതല്‍ 19 ദിവസം വരെയുള്ള വേതനം മാത്രമേ ലഭിക്കുന്നുള്ളു. അതും കൃത്യമായി ലഭിക്കുന്നില്ല.
ഓരോ മാസവും ജോലിഭാരം കൂടുന്നുണ്ടെങ്കിലും വേതനത്തിൽ വർധന ഉണ്ടാകുന്നില്ലെന്ന് ഇവർ പറയുന്നു. ചെയ്ത ജോലിയുടെ കൂലി ആവശ്യപ്പെട്ടാൽ ഉന്നത ഉദ്യോഗസ്ഥരുടെ ഭീഷണിയും പിരിച്ചുവിടലും നേരിടേണ്ടി വരികയാണ്.
എന്നാൽ, മേലുദ്യോഗസ്ഥരുടെ സഹായികളായി ജോലിചെയ്യുന്നവർക്ക് മുഴുവൻ ദിവസത്തെ വേതനവും നൽകുമത്രേ. സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസായ മറയൂരിലെ ചന്ദനം രാപകലില്ലാതെ കാത്ത് സൂക്ഷിക്കുന്ന വാച്ചര്‍മാര്‍ക്ക് നൽകാനുള്ള ശമ്പളം എത്രയും പെട്ടെന്ന് നൽകണമെന്നും സര്‍ക്കാര്‍ വര്‍ധിപ്പിച്ച് നല്കിയ അര്‍ഹതപ്പെട്ട മുഴുവൻ വേതനവും നല്‍കണമെന്നും അത് എല്ലാ മാസവും മുടങ്ങാതെ ലഭിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.