തിരുവനന്തപുരം: കേരളീയം സംസ്ഥാനത്തിന്റെ ആവശ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളീയം പരിപാടി ധൂർത്തല്ല, കേരളത്തിന്റെ നിക്ഷേപമാണ് കേരളീയമെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇതുവരെ ഇങ്ങനെ ഒന്ന് നടത്താൻ കഴിഞ്ഞില്ലല്ലോ എന്നാണ് പൊതുസമൂഹം കരുതുന്നത്. കേരളീയം ഒരു തരത്തിലും ധൂർത്ത് ആയിരുന്നില്ല. സ്ഥിരമായ പരിപാടിയായി കേരളീയത്തെ നിലനിർത്താനാകണമെന്ന് പിണറായി വിജയൻ പറഞ്ഞു. കേരളീയത്തെ കലാരംഗം പിന്താങ്ങി. ആയിരക്കണക്കിന് കലാകാരന്മാരാണ് പങ്കെടുത്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നമ്മൾ പുരോഗതിയുടെ പാതയിലാണ്. നമ്മുടെ നാട് മാറുകയാണ്. എന്നാല്‍, നമ്മുടെ നാട് തകരണമെന്ന് ചിലർ വിചാരിച്ചു നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരേ നിയമസഭയിൽ പ്രതിഷേധ പ്ലക്കാർഡുകളുമായി പ്രതിപക്ഷം രംഗത്തെത്തി. ചോദ്യോത്തര വേളയിലാണ് പ്രതിപക്ഷ പ്രതിഷേധമുയർന്നത്.
നന്ദിപ്രമേയ ചർച്ചയ്ക്കാണ് ഇന്ന് നിയമസഭയിൽ തുടക്കമായിരിക്കുന്നത്. നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്കായി നിയമസഭ തിങ്കൾ മുതൽ മൂന്ന് ദിവസമാണ് സമ്മേളിക്കുക. ഇന്ന് മുതൽ ബുധൻ വരെയാണു നന്ദി പ്രമേയത്തിന്മേലുള്ള ചർച്ച. നന്ദിപ്രമേയ ചർച്ചയ്ക്കു ശേഷമുള്ള രണ്ട് ദിവസങ്ങൾ നിയമ നിർമാണത്തിനായാണ് നീക്കിവച്ചിട്ടുള്ളത്. ഫെബ്രുവരി അഞ്ചിന് ആണ് സംസ്ഥാന ബജറ്റ്.