പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയ കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് യുവതി. ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ 52 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു കുട്ടികളുടെ അമ്മയായ 40 കാരിയാണ് പ്രതി.
അഹമ്മദാബാദ് മുനിസിപ്പൽ ട്രാൻസ്പോർട്ട് സർവീസിൽ (എഎംടിഎസ്) ജോലി ചെയ്യുന്ന ബസ് കണ്ടക്ടർ രാകേഷ് ബ്രഹ്മഭട്ടിനാണ് ഗുരുതരമായി പൊള്ളലേറ്റത്. ജുഹാപുര സ്വദേശിയായ മെഹ്സാബിൻ ചുവാരയാണ് കേസിലെ പ്രതി.
ഇരുവരും എട്ട് വർഷമായി അടുപ്പത്തിലായിരുന്നെന്നും ഈ ബന്ധം അവസാനിപ്പിച്ചതിലുള്ള പകയാണ് ആക്രണത്തിന് പിന്നിലെ കാരണമെന്നും പോലീസ് പറഞ്ഞു. ബസിൽ വച്ചാണ് ഇരുവരും കാണുന്നതും സൗഹൃദത്തിലാകുന്നതും. ഈ ബന്ധം പിന്നീട് പ്രണയമായി മാറി. എട്ടുവർഷത്തോളം ബന്ധം മുന്നോട്ടുപോയി.
എന്നാൽ ബ്രഹ്മഭട്ടിന്റെ ഭാര്യ സംഭവമറിഞ്ഞു. ശേഷം ബ്രഹ്മഭട്ടിന് ബന്ധത്തിൽ നിന്ന് പിന്മാറേണ്ടി വന്നു. മെഹ്സാബിൻ കാമുകൻ പിന്മാറിയതോടെ ആക്രമണം ആസൂത്രണം ചെയ്തു. അഹമ്മദാബാദ് റെയിൽവേ സ്റ്റേഷന് സമീപത്തെ കൺട്രോൾ ക്യാബിനിൽ വെച്ച് മെഹ്സാബിൻ ആസിഡ് എറിഞ്ഞു. ബ്രഹ്മഭട്ടിന്റെ മുഖത്തും പുറംഭാഗത്തും സ്വകാര്യഭാഗങ്ങളിലുമാണ് പൊള്ളലേറ്റത്.
.