വലിയൊരു സ്വപ്നം യാഥാര്‍ഥ്യമാക്കാനുള്ള പ്രയത്നത്തിലാണ് പയ്യന്നൂര്‍ പുഞ്ചക്കാട് സ്വദേശി അബ്രാര്‍. ഇതിന്റെ മുന്നോടിയായി റിമോട്ടില്‍ പ്രവര്‍ത്തിക്കുന്ന ടോയ്സ് വാഹനങ്ങളുടെ പണിപ്പുരയിലാണ് ഈ ഇരുപത്തിമൂന്നുകാരന്.
പുഞ്ചക്കാട് താമസിക്കുന്ന കെ.പി. അബ്ദുള്ളയുടെയും എന്‍.പി. ഹവ്വയുടെയും ഇളയ മകനായ അബ്രാറിന്റെ വിദ്യാഭ്യാസ യോഗ്യത പ്ലസ് ടുവാണ്.
പക്ഷേ, ഇയാളിപ്പോള്‍ നിര്‍മിക്കുന്നത് ലോകോത്തര കാറുകളുടെയും ട്രക്കുകളുടെയും റിമോട്ടിലുള്ള മിനിയേച്ചര്‍ രൂപങ്ങളാണ്. ഇവരുടെ വീട്ടുവരാന്തയില്‍ ഇവ തലങ്ങും വിലങ്ങും ഓടുമ്പോള്‍ അതിനൊപ്പം ഓടുന്നത് ഇയാളുടെ വലിയൊരു സ്വപനം കൂടിയാണ്. റോഡിലൂടെ ഓടുന്ന വാഹനങ്ങളുടെ നിലവിലുള്ള നിയന്ത്രണങ്ങള്‍ക്കൊപ്പം റിമോട്ടിലുള്ള പ്രവര്‍ത്തനം കൂടി സംയോജിപ്പിക്കുകയെന്ന വലിയ ആഗ്രഹമാണ് ഇയാളുടെ സ്വപ്നങ്ങളില്‍ നിറയെ. ഇതിനുള്ള തയാറെടുപ്പ് തുടങ്ങിയിട്ട് നാളുകളായി. പക്ഷേ, വില്ലനായി മുന്നില്‍ തടസം സൃഷ്ടിക്കുന്നത് സാമ്പത്തിക പ്രശ്നവും. എന്നാലും, പ്രതീക്ഷ കൈവിടാതെ തന്റെ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണിയാള്.
പ്ലസ് ടുവിന് പഠിക്കുമ്പോള്‍ മനസില്‍ നാമ്പിട്ട ആഗ്രഹമാണ് റിമോട്ടില്‍ നിയന്ത്രിക്കുന്ന ടോയ്സ് വാഹനങ്ങള്‍. ഓണ്‍ലൈനില്‍ വാങ്ങിയ റിമോട്ടുകളുപയോഗിച്ചായിരുന്നു ഇതിന് തുടക്കമിട്ടത്. ആദ്യപരീക്ഷണം വിജയിച്ചതോടെ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ നിരവധി വാഹനങ്ങളുടെ ടോയ്സ് നിര്‍മിച്ചു കഴിഞ്ഞു.
റിമോട്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കാറുകളുടെയും ട്രക്കുകളുടെയും ഓട്ടംകണ്ട് നാട്ടുകാര്‍ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. കൂടാതെ വാങ്ങാന്‍ കിട്ടുന്ന കളിപ്പാട്ടങ്ങളില്‍ റിമോട്ടുകള്‍ പിടിപ്പിച്ച് പ്രവര്‍ത്തിപ്പിച്ച് ആവശ്യക്കാര്‍ക്ക് നല്‍കുന്നുമുണ്ട്. ഓണ്‍ലൈനായി വാങ്ങുന്ന ഇലക്ട്രോണിക്ക് ഘടകങ്ങളുപയോഗിച്ചും യൂട്യൂബ് വഴിയും വിദഗ്ധരായവരുടെ നിര്‍ദേശങ്ങള്‍ ചോദിച്ചറിഞ്ഞുമാണ് തുടര്‍ പ്രവര്‍ത്തനങ്ങള്‍ മുന്നേറിയത്.
ജോലി മൊബൈൽ സർവീസിംഗ്
മൊബൈല്‍ സര്‍വീസിംഗിൽ കൂടുതല്‍ സാധ്യതകളുണ്ടെന്ന് മനസിലാക്കിയാണ് പ്ലസ് ടുവിന് ശേഷം മൊബൈല്‍ സര്‍വീസിംഗ് പഠിച്ചത്. ഇതിലൂടെ ഹാര്‍ഡ്വയറില്‍ കൂടുതല്‍ അറിവുകള്‍ ലഭിച്ചെങ്കിലും സോഫ്റ്റവെയര്‍ വേണ്ടത്ര പരിജ്ഞാനമില്ലായെന്നതാണ് പോരായ്മയായി മുന്നിലുള്ളത്.
ഉള്ള അറിവുകള്‍ ഉപയോഗപ്പെടുത്തി ഗുണനിലവാരം കൂടിയ 4.8 വോള്‍ട്ടിലുള്ള ടോയ്സുകള്‍ വാങ്ങി 7.4 വോള്‍ട്ടിലേക്ക് മാറ്റി കൂടുതല്‍ വേഗതയും കാര്യക്ഷമതയുമുള്ളതാക്കി മാറ്റാന്‍ കഴിഞ്ഞു. മുമ്പിലും പിറകിലും ഇടത്തും വലത്തുമായി എട്ടുചാനലുകളാക്കി അവശ്യമായ മോട്ടാറുകളും റിമോട്ടുകളും ഘടിപ്പിച്ച് റോഡിലോടുന്ന കാറുകളും മറ്റും ഇത്തരത്തില്‍ പ്രവര്‍ത്തിപ്പിക്കുകയെന്ന സ്വപ്നമാണ് അബ്രാറിനുള്ളത്. അതിന് മുമ്പായി സ്ക്രാപ്പുകള്‍ വാങ്ങി ഏറ്റവും കുറഞ്ഞ ചെലവില്‍ സ്വന്തമായി ഒരു കാര്‍ നിര്‍മിക്കണമെന്ന ആഗ്രഹം സഫലീകരിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോളിയാള്‍.
മൊബൈല്‍ മെക്കാനിക്കായി ജോലി ചെയ്തു നേടുന്ന വരുമാനമാണ് റിമോട്ടിലുള്ള ടോയ്സ് വാഹനങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. ഇതെല്ലാം കാണുന്നവര്‍ക്ക് അബ്രാറിന്റെ സാങ്കേതികമായ കഴിവില്‍ വലിയ പ്രതീക്ഷയുമുണ്ട്. ഇവരുടെയൊക്കെ പ്രോത്സാഹനത്തിലാണ് തന്റെ മഹത്തായ ലക്ഷ്യത്തിലേക്കുള്ള യാത്ര അബ്രാര്‍ തുടങ്ങിയിരിക്കുന്നത്.