ചെന്നൈ: വഴിയോര ഭക്ഷണശാലയിൽ ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിച്ചതിന്റെ പേരിൽ ബിജെപി നേതാവിനെ ആക്രമിച്ച സംഭവത്തിൽ മൂന്നു പേരെ തിരുപ്പത്തൂർ പോലീസ് അറസ്റ്റ് ചെയ്തു.
ആമ്പൂരിനടുത്തുള്ള ഭക്ഷണശാലയിലായിരുന്നു സംഭവം. ബിജെപി ഗുഡിയാത്തം പഞ്ചായത്ത് യൂണിയൻ സെക്രട്ടറി എസ്. ലോകേഷിനാണു മർദനമേറ്റത്. ഇദ്ദേഹത്തിന്റെ പരാതിയിൽ ഗുഡിയാത്തം സ്വദേശികളായ മുഹമ്മദ് ഇസ്മായിൽ, കെ. വസീം, എസ്.ബാബു എന്നിവരെയാണ് ആമ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്.
പാർട്ടി പരിപാടികൾക്കുശേഷം രാത്രി ഭക്ഷണം കഴിക്കാനായി ഇവിടെയെത്തിയ ലോകേഷും സുഹൃത്ത് അശോക് കുമാറും എതിർവശത്തിരുന്നു ഭക്ഷണം കഴിക്കുകയായിരുന്നവരെ നോക്കി ‘ജയ് ശ്രീറാം’ എന്നു വിളിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു.
തുടർച്ചയായ മുദ്രാവാക്യം വിളിയിൽ പ്രകോപിതരായ ജീവനക്കാർ ലോകേഷിനെ ആക്രമിക്കുകയായിരുന്നു. ലോകേഷിന്റെ മുഖത്തും കൈയിലും പരിക്കേറ്റു. ഇയാളെ ഗുഡിയാത്തം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.