രാജാക്കാട്: പാചക വാതക സിലിണ്ടര്‍ ചോര്‍ന്ന് രാജാക്കാട് ടൗണിന് സമീപം വീട് കത്തിനശിച്ചു. മമ്മട്ടിക്കാനം ഇഞ്ചനാട്ട് ചാക്കോയുടെ ഉടമസ്ഥതയിലുള്ള വാടകവീടാണ് ഇന്ന് പുലര്‍ച്ചെ 3.45 ഓടെ കത്തിനശിച്ചത്.
പലഹാരക്കച്ചവടം നടത്തുന്ന പൂക്കുളത്ത് സന്തോഷാണ് ഇവിടെ വാടകയ്ക്കു താമസിക്കുന്നത്. സന്തോഷ് രാവിലെ പലഹാരങ്ങള്‍ ഉണ്ടാക്കുന്നതിനിടെയാണ് അപകടം.
പാചക വാതകം തീര്‍ന്നതിനെ തുടര്‍ന്ന് പുതിയ സിലിണ്ടര്‍ കണക്ട് ചെയ്യുന്നതിനിടെ പാചക വാതകം ലീക്കാകുകയായിരുന്നു. സിലിണ്ടറിലേക്ക് തീപടര്‍ന്നതിനെ തുടര്‍ന്ന് ഇത് പൊട്ടിത്തെറിച്ച് വീടിനു തീ പിടിക്കുകയായിരുന്നു. വീട് പൂര്‍ണമായും കത്തിനശിച്ചു.
തീ കെടുത്താന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ സന്തോഷിനെയും ഭാര്യ ശ്രീജയെയും മകന് സാരംഗിനെയും നാട്ടുകാര്‍ ഓടിയെത്തി പുറത്തെത്തിച്ചു.
പിന്നീടു സമീപത്തെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി അടിമാലിയിലെ പൊള്ളല്‍ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി. മുറ്റത്തുണ്ടായിരുന്ന ബൈക്കും പൂര്‍ണമായി കത്തിനശിച്ചു.
കുടിവെള്ള ടാങ്കും നശിച്ചിട്ടുണ്ട്.അടിമാലി, നെടുങ്കണ്ടം സ്റ്റേഷനുകളിലെ അഗ്നിരക്ഷാ സേനയെത്തിയാണ് രാവിലെ ഏഴോടെ തീയണച്ചത്. രാജാക്കാട് പോലീസും സ്ഥലത്തെത്തിയിരുന്നു.