ചുങ്കപ്പാറ: കോട്ടാങ്ങല്‍ ഗ്രാമ പഞ്ചായത്തിലെ നിര്‍മലപുരം, നാഗപ്പാറ പ്രിയദര്‍ശിനി കോളനി, മുഴയ മുട്ടം, കിടി കെട്ടിപ്പാറ, തോട്ടത്തുംങ്കുഴി, പുളിക്കമ്പാറ, പുലിയുറുമ്പ് മേഖലകളില്‍ രൂക്ഷമായി അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ചുങ്കപ്പാറ – നിര്‍മലപുരം ജനകീയ സമിതി ആവശ്യപ്പെട്ടു.
മലയോര മേഖലയായ ഈ പ്രദേശങ്ങളിലെ തോടുകളും കിണറുകളും വറ്റിവരണ്ടതോടെ ജലഅഥോറിറ്റി പൈപ്പ് ലൈനുകളില്‍ നിന്നു ലഭിക്കുന്ന വെള്ളം മാത്രമാണ് ആശ്രയം. ഇതാകട്ടെ ആഴ്ചയില്‍ ഒരു പ്രാവശ്യം മാത്രമേ ലഭിക്കാറുള്ളൂ. ഏതാനും മിനിറ്റുകള്‍ മാത്രം.
ജലനിധിയുടെ പൈപ്പുകള്‍ സ്ഥാപിക്കുന്നതിന് റോഡുകള്‍ വെട്ടിപ്പൊളിച്ചെങ്കിലും പൈപ്പ് ഇടുകയോ ജലം ലഭ്യമാക്കുകയോ ചെയ്തിട്ടില്ല. കിടികെട്ടിപ്പാറയില്‍ ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച മിനി ജലവിതരണ പദ്ധതിയും പ്രവര്‍ത്തനം നിലച്ചിട്ട് നാളുകളായി.
സ്വകാര്യ ടാങ്കര്‍ വാഹനങ്ങളെ ആശ്രയിച്ച് അമിത വില നല്കി കുടിവെള്ളം വാങ്ങേണ്ട സ്ഥിതിയാണ്.വരള്‍ച്ച പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്മലപുരത്ത് സ്ഥാപിച്ച വാട്ടര്‍ ടാങ്കിലും ജലം എത്തിക്കുന്നതിന് സംവിധാനം ഇല്ല.
അടിയന്തരമായി ഈ പ്രശ്നങ്ങള്‍ക്ക് ബന്ധപ്പെട്ട അധികാരികള്‍ നടപടി സ്വീകരിക്കണമെന്ന് നിര്‍മല പുരത്ത് ചേര്‍ന്ന ജനകീയ വികസന സമിതി യോഗം ആവശ്യപ്പെട്ടു. ഭാരവാഹികളായ സോണി കൊട്ടാരം, ജോസി ഇലഞ്ഞിപ്പുറം, ജോയി പീടികയില്‍ , തോമസുകുട്ടി വേഴമ്പതോട്ടം, ബിറ്റോ ആന്റണി, രാജു, തോമസുകുട്ടി കണ്ണാടിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.