ലോകമെമ്പാടുമുള്ള ഏറ്റവും പ്രശസ്തമായ ഉയരമുള്ള കെട്ടിടങ്ങളുടെ പട്ടികയിൽ ബുർജ് ഖലീഫ തുടരുമ്പോൾ, ബിഹാറിൽ നിന്നുള്ള ഒരു വാർത്ത ഇപ്പോൾ ഇന്റർനെറ്റിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്.
സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായ ഈ കെട്ടിടം ബിഹാറിലെ മുസാഫർപൂരിൽ ആണ് ഉള്ളത്. കാഴ്ചയിൽ അതിശയിപ്പിക്കുന്ന ഈ അഞ്ചുനില കെട്ടിടം വെറും ആറടി മണ്ണിലാണ് നിർമിച്ചിരിക്കുന്നത് .
ഈ കെട്ടിടത്തെ ഇപ്പോൾ ഏറെ ജനപ്രിയമാക്കിയത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ആണ് . മുസാഫർപൂരിലെ ഗന്നിപൂർ പ്രദേശത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. വെറും ആറടി മാത്രമാണ് ഈ കെട്ടിടത്തിന്റെ നീളം. അഞ്ചടിയാണ് വീതി .
ബിഹാറിൽ എത്തുന്നവരുടെ പ്രധാന ആകർഷണകേന്ദ്രമായി മാറിക്കഴിഞ്ഞു ഈ കെട്ടിടം. കെട്ടിടം കാണാനും ചിത്രങ്ങൾ എടുക്കാനും വീഡിയോ ദൃശ്യങ്ങൾ പകർത്തുന്നതിനും ആയി നിരവധി ആളുകളാണ് ദിവസേന ഇവിടെയെത്തുന്നത്. ‘ബിഹാറിന്റെ ബുർജ് ഖലീഫ’ എന്നും ‘ബിഹാറിന്റെ ഈഫൽ ടവർ’ എന്നുമൊക്കെ സോഷ്യൽ മീഡിയയിൽ കെട്ടിടത്തിന് വിശേഷണം ലഭിച്ചിട്ടുണ്ട്.
അടുക്കള, കുളിമുറി, കിടപ്പുമുറി തുടങ്ങി എല്ലാ സൗകര്യങ്ങളും ഉൾക്കൊള്ളുന്ന രീതിയിലാണ് പരിമിതമായ സ്ഥലത്ത് ഈ വീട് നിർമിച്ചിരിക്കുന്നത്. കെട്ടിടത്തെ മുഴുവൻ രണ്ടായി തിരിച്ച് ഒരു ഭാഗത്ത് ഗോവണിയും മറുഭാഗത്ത് മുറികളും വരുന്ന രീതിയിലാണ് ഇതിന്റെ നിർമാണം.
സന്തോഷ് എന്ന വ്യക്തി തന്റെ ഭാര്യക്ക് വേണ്ടി 2015 -ൽ നിർമിച്ചതാണ് ഈ വീട്. വിവാഹശേഷം ആറടിമണ്ണ് വാങ്ങിയ ദമ്പതികൾ അവിടെ ഒരു വീട് നിർമ്മിക്കാൻ തീരുമാനിച്ചു. ഇപ്പോൾ ഈ കെട്ടിടം വാണിജ്യ അവശ്യത്തിനായി വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്.