അങ്കാറ: ഇസ്താംബൂളിലെ സെന്റ് മേരീസ് പള്ളിയിൽ ഞായറാഴ്ച കുർബാനയ്ക്കിടെ വിശ്വാസിയെ വെടിവച്ചുകൊന്ന സംഭവത്തിൽ രണ്ടു പേർ അറസ്റ്റിലായെന്നും 30 സ്ഥലങ്ങളിൽ പരിശോധന നടത്തിയെന്നും തുർക്കി ആഭ്യന്തരമന്ത്രി അലി യെർലിക്കായ അറിയിച്ചു.
അറസ്റ്റിലായവരിൽ ഒരാൾ റഷ്യക്കാരനും രണ്ടാമൻ താജിക്കിസ്ഥാൻകാരനുമാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
പള്ളികളും സിനഗോഗുകളും ആക്രമിക്കാൻ പദ്ധതിയിട്ടിരുന്ന 25 ഐഎസ് ഭീകരരെ തുർക്കിയിൽനിന്ന് ജനുവരി മൂന്നിന് അറസ്റ്റ് ചെയ്തിരുന്നു.
കൊലപാതകവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന 47 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ രണ്ടു പേരുടെ അറസ്റ്റാണ് ഞായറാഴാഴ് രാത്രി പത്തിനു രേഖപ്പെടുത്തിയത്.
ഇസ്താംബൂൾ പ്രാന്തത്തിലെ യൂറോപ്യൻ ഭാഗത്തു സ്ഥിതി ചെയ്യുന്ന പള്ളിയിൽ ഞായറാഴ്ച രാവിലെ 11.40നാണ് ആക്രമണമുണ്ടായത്. മുഖംമൂടി ധരിച്ച രണ്ടുപേർ വെടി ഉതിർക്കുകയായിരുന്നു.