ഇലോൺ മസ്കിന്റെ സംരംഭമായ ന്യൂറാലിങ്ക് നിര്‍മിച്ച ബ്രെയിൻ ചിപ്പ് മനുഷ്യനിൽ പരീക്ഷിച്ചു. കൈകാലുകള്‍ ശരിയായവിധത്തിൽ ചലിപ്പിക്കാനാകാത്തവരാകും ബ്രെയിൻ ചിപ്പിന്റെ ആദ്യ ഉപയോക്താക്കളെന്നു മസ്ക് പറഞ്ഞു.
വയർലെസ് ബ്രെയിൻ-കമ്പ്യൂട്ടർ ഇന്റർഫേസ് (ബിസിഐ) അധിഷ്ഠിതമാക്കിയാണ് ഉപകരണത്തിന്റെ പ്രവർത്തനം. രോഗികളുടെ മസ്തിഷ്കത്തിൽ ശരീര ചലനം നിയന്ത്രിക്കുന്ന ഭാഗത്താണ് ചിപ്പ് ഘടിപ്പിക്കുക.
റോബോട്ടിന്റെ സഹായത്തോടെ ഘടിപ്പിക്കുന്ന ചിപ്പിൽനിന്ന് പ്രത്യേകം തയാറാക്കിയ ആപ്ലിക്കേഷനിലേക്കായിരിക്കും സിഗ്നല്‍ കൈമാറുക. പക്ഷാഘാതം സംഭവിച്ച ആളുകള്‍ക്കു ചിന്തകളിലൂടെ കംപ്യൂട്ടർ കര്സറോ, കീബോർഡോ നിയന്ത്രിക്കാനുള്ള ശേഷി നൽകുകയാണ് ആദ്യ ഘട്ടത്തിൽ കമ്പനിയുടെ ശ്രമം.
തലച്ചോറില്‍ ചിപ്പ് ഘടിപ്പിച്ചയാള്‍ സുഖം പ്രാപിച്ചുവരുന്നുവെന്ന് മസ്ക് തന്റെ എക്സ് പേജിലൂടെ അറിയിച്ചു. ആദ്യ ന്യൂറാലിങ്ക് ഉത്പന്നത്തിന് ടെലിപ്പതി എന്നാണു പേരു നൽകിയിരിക്കുന്നത്.