കോഴിക്കോട്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഡീപ് ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് കോഴിക്കോട് സ്വദേശിയുടെ പണം തട്ടിയെടുത്ത കേസിലെ പ്രതിയെക്കുറിച്ച് പോലീസിനു സൂചന ലഭിച്ചു.പോലീസ് പിടിയിലായ ഗുജറാത്ത് മെഹസേന സ്വദേശി കൗശല്‍ ഷായില്‍ നിന്നാണ് ഇതുസംബന്ധിച്ച സൂചന ലഭിച്ചത്. കൗശല്‍ഷായെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു.
കാണാമറയത്തുള്ള ആള് കേസിലെ മുഖ്യ ആസൂത്രകനും വിവിധ സംസ്ഥാനങ്ങളില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകേസിലെ പ്രതിയുമായ ആളാണെന്നു വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഇയാളുടെ പേരു സംബന്ധിച്ച ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. ഇയാളുടെ പേര് പര്വീന് എന്നാണ് കേസില്‍ അറസ്റ്റിലായ സിദ്ദേഷ് ആനന്ദ് കര്‍വേ, അമ്രിഷ് അശോക് പട്ടീല്‍ എന്നിവര്‍ പോലീസിനു നല്കിയ മൊഴി.
എന്നാല്‍ കൗശല്‍ ഷാ നല്കിയ മൊഴി ഇയാളുടെ പേര് പ്രശാന്ത് എന്നാണ്. ഇതാണ് അവ്യക്തതയ്ക്കു കാരണം. മൂന്നു പ്രതികളും പറയുന്ന ആള് ഒരാള്‍ തന്നെയാണെന്ന നിഗമനത്തിലാണ് പോലീസ്.പ്രതിയെ തിരിച്ചറിയാനായി സൈബര്‍ ക്രൈം അന്വേഷണസംഘം ഇടനെതന്നെ ഗോവയിലേക്കു പോകും. ഗോവയിലെ ചൂതാട്ട േകന്ദ്രത്തില്നിന്നു കാര്യമായ വിവരം ലഭിക്കുമെന്നാണു കഴിയുന്നത്. ഇയാള്‍ ഇവിടുത്തെ സ്ഥിരം സന്ദര്‍ശകനാണെന്നു വിവരം ലഭിച്ചിട്ടുണ്ട്.
കൗശല്‍ ഷാ നിലവില്‍ ഡല്‍ഹിയിലെ രോഹിണി ജയിലില്‍ തടവിലാണുള്ളത്. ഡല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. ഇയാളെ കഴിഞ്ഞ ദിവസം കോഴിക്കോട്ടു കൊണ്ടുവന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. അപ്പോഴാണു കോടതിയുടെ പ്രത്യേക അനുമതിയോടെ ഇയാളെ ചോദ്യം ചെയ്തത്. അതിനുശേഷം തിരികെകൊണ്ടുപോയി.
സൈബര്‍ ക്രൈം സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ദിനേശ് കോറോത്ത്, സ്പെഷല്‍ സ്ക്വാഡ് എസ്ഐ ഒ. മോഹന്‍ദാസ്, സൈബര്‍ സ്റ്റേഷനിലെ സിപിഒ ബീരജ് എന്നിവരടങ്ങുന്ന സംഘമാണ് കോടതി അനുമതിയോടെ കൗശല്‍ഷായെ ചോദ്യം ചെയ്തത്. മറ്റു പ്രതികള്‍ നല്കിയ മൊഴിയില്‍നിന്നു വ്യത്യസ്തമായ മൊഴിയാണ് കൗശല്‍ ഷാ നല്‍കിയതെന്നാണു വിവരം. കോള്‍ ഇന്ത്യ ലിമിറ്റഡില്‍നിന്നു വിരമിച്ച കോഴിക്കോട് പാലാഴി സ്വദേശി പി.എസ്. രാധാകൃഷ്ണനില്‍ നിന്നാണ് സംഘം 40,000 രൂപ തട്ടിെയടുത്തത്. പരാതിക്കാരന്റെ പണം പിന്നീടു തിരികെ കിട്ടിയിരുന്നു.