കൽപ്പറ്റ: ബജറ്റിൽ വകയിരുത്തുന്ന ഗ്രാന്റും അലവൻസും ആദിവാസി-ദലിത് വിദ്യാർഥികൾക്കു കിട്ടാതായി. ഉന്നത പഠനം സാധ്യമാക്കുന്നതിനുള്ള ഗ്രാന്റ്- അലവൻസ് വിതരണമാണ് മുടങ്ങിയത്. ഗ്രാന്റും അലവൻസും ലഭിക്കാതെ നൂറിലേറെ വിദ്യാർഥികൾ ഈ വിദ്യാഭ്യാസ വർഷം കൊഴിഞ്ഞുപോയതായാണ് കണക്കാക്കുന്നത്.
ഗവേഷണ വിദ്യാർഥികൾക്കുള്ള തുകയും സമയത്ത് നൽകുന്നില്ല. ഗവേഷണം മുടങ്ങിയ വിദ്യാർഥികൾ നിരവധിയാണ്. “പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്’ എന്ന പേരിൽ എല്ലാ സാന്പത്തികവർഷവും ബജറ്റിൽ വകയിരുത്തുന്ന തുകയിൽനിന്നാണ് ഗ്രാന്റ് നൽകേണ്ടത്.
ഉന്നത പഠനത്തിന് രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികളുടെ എണ്ണവും കോഴ്സുകളുടെ ഫീസും മറ്റ് ചെലവുകളും കണക്കാക്കിയാണ് തുക വകയിരുത്തുന്നത്. ഒന്നര വർഷം മുതൽ രണ്ടു വർഷം വരെയായി പട്ടികജാതി-വർഗ വിദ്യാർഥികൾക്ക് ഗ്രാന്റും അലവൻസും നൽകുന്നില്ല.
വിദ്യാർഥികൾക്ക് ലംപ്സം ഗ്രാന്റ്(വർഷാരംഭത്തിൽ), ഹോസ്റ്റൽ അലവൻസ്, പോക്കറ്റ് മണി(ഹോസ്റ്റലിൽ താമസിക്കുന്നവർക്ക്), പ്രതിമാസ അലവൻസ്(ഡേ സ്കോളേഴ്സിന്)എന്നിവയാണ് നേരിട്ട് ലഭിക്കേണ്ടത്. തുച്ഛമായ തുകയാണ് ഈ ഇനങ്ങളിൽ വിദ്യാർഥികൾക്കു നൽകാൻ സർക്കാർ ഉത്തരവ്.
ലംപ്സം ഗ്രാന്റ് യുജി വിഭാഗത്തിന് 1,400 ഉം പിജി വിഭാഗത്തിന് 1,900 ഉം രൂപയാണ് ലഭിക്കേണ്ടത്. യുജി, പിജി വിദ്യാർഥികൾക്ക് സർക്കാർ-സർക്കാർ ഇതര കോളജുകളിൽ പ്രതിമാസം 3,500 രൂപയാണ് ഹോസ്റ്റൽ ഫീസ് നൽകുന്നത്. പ്രഫഷണൽ കോളജുകളിൽ ഇത് 4,500 രൂപയാണ്.
പ്രതിമാസം 200 രൂപയാണ് പോക്കറ്റ് മണി. സ്വകാര്യ ഹോസ്റ്റലിൽ താമസിച്ചാൽ എസ്ടി വിദ്യാർഥികൾക്ക് 3,000 ഉം എസ്സി വിദ്യാർഥികൾക്ക് 1,500 ഉം രൂപയാണ് പ്രതിമാസം ലഭിക്കുക. ഡേ സ്കോളഴ്സിന് 800 രൂപയാണ് പ്രതിമാസ അലവൻസ്.
നിലവിലെ നിരക്കിൽ സംസ്ഥാനത്ത് എവിടെയും ബോർഡിംഗും ലോഡ്ജിംഗും സാധ്യമാകില്ല. എസ്സി-എസ്ടി വകുപ്പുകൾ ഇത് അംഗീകരിക്കുന്നുണ്ട്. യഥാർഥ ചെലവുകൾ കണക്കാക്കി ഹോസ്റ്റൽ അലവൻസ് 6,000-6,500 രൂപയായി ഉയർത്തണമെന്ന് പട്ടികജാതി-വർഗ വകുപ്പ് രണ്ടു വർഷം മുന്പ് ആവശ്യപ്പെട്ടെങ്കിലും ധന വകുപ്പിനു കുലുക്കമില്ല.
ട്യൂഷൻ ഫീസ് ഇനത്തിൽ സ്ഥാപനത്തിനുള്ള തുകയും വിദ്യാർഥികൾക്ക് ലഭിക്കേണ്ട ഗ്രാന്റും വർഷത്തിൽ ഒറ്റത്തവണയായി നൽകുമെന്നാണ് നിലവിലെ സർക്കാർ ഉത്തരവിൽ. എന്നാലിത് നടപ്പാകുന്നില്ല.
വിദ്യാർഥികൾക്ക് പഠനത്തിനും ഉപജീവനത്തിനും ഗവേഷണത്തിനുമുള്ള തുക അതത് മാസം ലഭിക്കാൻ നിലവിലെ സർക്കാർ ഉത്തരവിൽ മാറ്റം വരുത്തണമെന്ന ആവശ്യം ആദിശക്തി സമ്മർ സ്കൂളും മറ്റും ഉന്നയിക്കുന്നുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൽകേണ്ട ട്യൂഷൻ ഫീസ്, സെമസ്റ്റർ അവസാനമോ വർഷാവസാനമോ നൽകുന്ന രീതി നടപ്പാക്കണമെന്ന ആവശ്യവും ശക്തമാണ്.