രാജകുമാരി: വിവാദമായ ഇടുക്കി ശാന്തൻപാറ സിപിഎം പാർട്ടി ഓഫീസിന്റെ മതിൽ പൊളിച്ചുനീക്കി. റോഡ് പുറമ്പോക്ക് കൈയേറിയാണ് മതിൽ കെട്ടിയിരിക്കുന്നതെന്ന് റവന്യു വകുപ്പ് കണ്ടെത്തിയതിനെത്തുടർന്നാണ് സംരക്ഷണഭിത്തി പൊളിച്ചുനീക്കിയത്.
പാർട്ടിയുടെ നേതൃത്വത്തിലാണ് സംരക്ഷണഭിത്തി നീക്കം ചെയ്തത്. താലൂക്ക് സർവേയർ നേരിട്ടെത്തി അടയാളപ്പെടുത്തി നൽകിയ 10 മീറ്ററോളം ഭാഗത്തെ സംരക്ഷണ ഭിത്തിയാണ് പൊളിച്ചു മാറ്റിയത്. ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ഓഫീസ് നിർമാണത്തിന് കഴിഞ്ഞ ദിവസം റവന്യു വകുപ്പ് അനുമതി നിഷേധിച്ചിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് 22നാണ് റവന്യു വകുപ്പിസ്റ്റോപ്പ് മെമ്മോ അവഗണിച്ച് ശാന്തൻപാറയിൽ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് നിർമാണം നടത്തുന്നതായി കോടതിയിൽ പരാതി ലഭിച്ചത്. തുടർന്ന് നിർമാണം നിർത്തിവയ്ക്കാൻ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.
എന്നാൽ, അന്നു രാത്രിതന്നെ വീണ്ടും നിർമാണ പ്രവർത്തനങ്ങൾ നടത്തിയത് മാധ്യമങ്ങളിൽ വാർത്തയാവുകയും കോടതി ഇടപെടുകയും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിർമാണപ്രവർത്തനങ്ങൾ പാടില്ലെന്നും വീണ്ടും നിർമാണം നടത്തിയാൽ ഈ ഭൂമിയുടെ ഉടമസ്ഥനെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി.
സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസിന്റെ ഉടമസ്ഥതയിലാണ് ഓഫീസ് സ്ഥിതിചെയ്യുന്ന ഭൂമിയുള്ളത്. പിന്നീട് നിർമാണ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് സിപിഎം രണ്ടു മാസം മുൻപ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു .ഇതിനെത്തുടർന്ന് പരിശോധന നടത്തി തുടർനടപടി സ്വീകരിക്കാൻ കോടതി ജില്ലാ കളക്ടർക്ക് നിർദേശം നൽകി. ഇതിന്റെയടിസ്ഥാനത്തിൽ സിപിഎം ജില്ലാ കളക്ടർക്ക് എൻഒസിക്കുള്ള അപേക്ഷ നൽകി.
എന്നാൽ, നിയമലംഘനം നടത്തിയിട്ടുണ്ടെന്ന കണ്ടെത്തലിൽ ജില്ലാ കളക്ടർ എൻഒസി നിഷേധിച്ചു. കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട് റോഡ് പുറമ്പോക്ക് ഭൂമി കൈയേറിസംരക്ഷണഭിത്തി കെട്ടിയതായി റവന്യു വകുപ്പ് കണ്ടെത്തിയിരുന്നു.ഇത് പൊളിച്ചു മാറ്റണമെന്ന് ജില്ലാ കളക്ടർ നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ താലൂക്ക് സർവേയറുടെ നേതൃത്വത്തിൽ റോഡിലേക്ക് ഇറക്കി പണിത സംരക്ഷണഭിത്തി പൂർണമായും പൊളിച്ചു നീക്കാൻ നിർദേശിക്കുകയായിരുന്നു.
റോഡ് പുറമ്പോക്ക് കൈയേറി മതിൽ നിർമിച്ചതാണ് ജില്ലാ കളക്ടർ ഓഫീസ് നിർമാണത്തിന് അനുമതി നിരസിക്കാൻ കാരണമെന്നും മതിൽ പൊളിച്ചു മാറ്റിയതിനെത്തുടന്ന് വീണ്ടും നിർമാണ അനുമതിക്കായി അപേക്ഷ നൽകുമെന്നും പാർട്ടി നേതൃത്വം അറിയിച്ചു .നിർമാണ അനുമതിക്കായി വീണ്ടും അപേക്ഷ നൽകിയകാര്യം കോടതിയെയും അറിയിക്കും. മതിൽ നീക്കം ചെയ്തതോടെ നിർമാണ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സിപിഎം.