തിരുവനന്തപുരം: ശബരിമലയിൽ ദർശനം നടത്താതെ മാല ഊരിയും തേങ്ങ ഉടച്ചും മടങ്ങിപ്പോയവർ കപടഭക്തരാണെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. യഥാർത്ഥ ഭക്തർ ആരും തന്നെ ദർശനം നടത്താതെ മടങ്ങിപ്പോയിട്ടില്ലെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
പതിനായിരകണക്കിന് ഭക്തജനങ്ങൾ എത്തുന്ന ശബരിമലയിൽ രണ്ടോ മൂന്നോ പേർ മടങ്ങിപ്പോയത് ഉയർത്തി പ്രശ്നം ഉണ്ടാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. ശബരിമലയെ തകർക്കാൻ വ്യാജപ്രചാരണങ്ങൾ നടക്കുകയാണ്. ആശങ്ക ഉണ്ടാക്കുന്ന പ്രചാരവേലയാണ് ചിലർ നടത്തിയതെന്നും മന്ത്രി വ്യക്തമാക്കി. ശബരിമലയിൽ ഭക്തർക്ക് എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിൽ ഭക്തർക്ക് നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് പ്രതിപക്ഷത്തെ എം. വിൻസന്റ് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.ഇത്തവണത്തെ തീർത്ഥാടന കാലം ദുരിതപൂർണമായിരുന്നുവെന്നും അനാവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്നും പമ്പയിൽ മാല ഊരി തിരികെ പോകേണ്ട അവസ്ഥ ഉണ്ടായെന്നും എം.വിൻസന്റ് പറഞ്ഞു.
യഥാർഥ ഭക്തരാരും ദർശനം നടത്താതെ തിരികെ പോയിട്ടില്ലെന്നാണ് ദേവസ്വം മന്ത്രി മറുപടി പറഞ്ഞത്. തിരക്ക് നിയന്ത്രിക്കാൻ പൊലീസ് നല്ല രീതിയിൽ ഇടപെട്ടു. പൊലീസ് ഇടപെട്ടില്ലെങ്കിൽ ഉണ്ടാകുന്ന പ്രയാസങ്ങൾ വേറെയാണ്. പൊലീസ് ശരിയായ മുൻകരുതലകൾ എടുത്തുവെന്നും മന്ത്രി പറഞ്ഞു. പുൽമേടിന്റെയും പമ്പയുടെയും അനുഭവം നമുക്കു മുന്നിലുണ്ട്.
ആ അനുഭവം ആവർത്തിക്കാതിരിക്കാൻ ആണ് പൊലീസ് മുൻകരുതലെടുത്തത്. പൊലീസ് ഇടപെടൽ ശരിയായ രീതിയിൽ ആണെന്ന അഭിപ്രായമാണ് സർക്കാരിനുള്ളതെന്നും കെ. രാധാകൃഷ്ണൻ വ്യക്തമാക്കി.ശബരിമല മാസ്റ്റർ പ്ലാനിന്റെ പദ്ധതികൾക്കായി ഹൈപ്പവർ കമ്മറ്റി രൂപീകരിച്ച് പ്രവർത്തനം പുരോഗമിക്കുകയാണ്.
പല പദ്ധതികളും ശബരിമലയിൽ നടക്കുന്നുണ്ടെങ്കിലും ഭൂമി ലഭ്യമാക്കുന്നതിൽ തടസങ്ങൾ നേരിടുന്നുണ്ടെന്നും മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു.ശബരിമലയെ തകർക്കാനുള്ള വ്യാജ പ്രചാരണങ്ങൾക്ക് എതിരെ നടപടി എടുത്തോ എന്ന ജനീഷ് കുമാർ എംഎൽഎയുടെ ചോദ്യത്തിന് കേസുകൾ എടുത്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഭക്തരെ തല്ലിച്ചതച്ചുവെന്ന രീതിയിൽ വീഡിയോ വരുന്നു. കുഞ്ഞിന്റെ മരണമടക്കം ആശങ്ക ഉണ്ടാക്കുന്ന പ്രചാരണം നടന്നു. സൈബർ സെൽ വഴി അന്വേഷണവും കേസെടുക്കലും ആരംഭിച്ചതോടെ ഇത്തരം പ്രവണതകൾക്ക് ശമനമുണ്ടായെന്നും ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു.