ബെയ്ജിംഗ്: ഓൺലൈനിൽ ഓർഡർ ചെയ്യുന്ന ഭക്ഷണം എത്തിക്കുന്ന ഡെലിവറി ഡ്രൈവർമാരെക്കുറിച്ചു പരാതികൾ ഉണ്ടാകാറുണ്ട്. അതിൽ പലതിലും കഴമ്പുമുണ്ട്. എന്നാൽ, ചൈനയിലെ വടക്കൻ പ്രവിശ്യയായ ഹെബെയിൽ നടന്ന സംഭവത്തിൽ ഡെലിവറി ഡ്രൈവർ നിരപരാധിയായിരുന്നിട്ടും അദ്ദേഹം ചീത്ത കേൾക്കേണ്ടിവന്നു. സംഭവത്തിലെ യഥാർഥ പ്രതിയെ തിരിച്ചറിഞ്ഞപ്പോൾ ആളുകൾക്കു ചിരിയടക്കാനും പറ്റിയില്ല.
ഹെബെയിലെ ഒരു ഗസ്റ്റ് ഹൗസിൽ താമസിച്ചിരുന്ന ട്രാവലറായ യുവതിയാണ് ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്തത്. മൊബൈലിൽ ഭക്ഷണമെത്തിയെന്ന നോട്ടിഫിക്കേഷൻ വന്നപ്പോൾ യുവതി വാതിൽ തുറന്നു. ഭക്ഷണപായ്ക്കറ്റ് മുറിക്കു പുറത്തുവച്ചശേഷം ഡെലിവറി ഡ്രൈവർ അപ്പോഴേക്കും പോയിരുന്നു. ഭക്ഷണം കൈയിലെടുത്തപ്പോഴാകട്ടെ അത് മൂത്രത്തിൽ കുതിർന്നിരിക്കുന്നു!
പ്രകോപിതയായ യുവതി അതിന്റെ ചിത്രമെടുത്ത് ഡെലിവറി ചെയ്തയാൾക്ക് അയച്ചുകൊടുത്തു. “നിങ്ങൾക്കു യാതൊരു മര്യാദയുമില്ല’ എന്ന മെസേജും അയച്ചു. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും മെസേജ് വഴി വാഗ്വാദം നടന്നു. ഡെലിവറി ഡ്രൈവർ താൻ നിരപരാധിയാണെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും അയാളെ വിശ്വസിക്കാൻ യുവതി തയാറായില്ല.
ഒടുവിൽ ഗസ്റ്റ് ഹൗസിലെ സിസിടിവി പരിശോധിക്കാൻ ഡെലിവറി ഡ്രൈവർ നിർദേശിച്ചു. സിസിടിവി ദൃശ്യങ്ങൾ കണ്ട യുവതിക്കു ഡെലിവറി ഡ്രൈവറോടു മാപ്പ് പറയേണ്ടി വന്നു. അടുത്ത വീട്ടിലെ പട്ടി വന്നു ഭക്ഷണത്തിൽ മൂത്രമൊഴിച്ചിട്ടു പോകുന്നതായിരുന്നു സിസിടിവിയിൽ കണ്ടത്.