കറാച്ചി: പാക്കിസ്ഥാനിൽ ഭീകരാക്രമണത്തിൽ നാല് സൈനികർ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു. പാക്കിസ്ഥാന്റെ തെക്കു പടിഞ്ഞാറൻ മേഖലയായ ബലോചിസ്ഥാനിലാണു സംഭവം. മാച്ച് ആന്റ് കോൽപുർ കോംപ്ലക്സിലാണ് ആക്രമണം ഉണ്ടായത്. സ്ഫോടനത്തിൽ മൂന്ന് ചാവേറുകളും കൊല്ലപ്പെട്ടതായി പാക്കിസ്ഥാൻ സൈന്യം അറിയിച്ചു. ബലോച് ലിബറേഷൻ ആർമി എന്ന വിഘടനവാദി സംഘടന ആക്രമണത്തിന്റെ ഉത്തരവാദത്വം ഏറ്റെടുത്തതായി അധികൃതർ വ്യക്തമാക്കി.
അതേസമയം ബലൂചിസ്ഥാനിൽ കൂടുതൽ ആക്രമണസാധ്യത കണക്കിലെടുത്തു കനത്ത ജാഗ്രത പുലർത്തുകയാണെന്നു സൈന്യം അറിയിച്ചു. പർവതമേഖലയായ ബലൂചിസ്ഥാൻ പാക്കിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയാണ്. എന്നാൽ, ഇവിടെ ജനസംഖ്യ കുറവാണ്. ധാതുസന്പന്നമായ ബലൂചിസ്ഥാനിൽ ആധിപത്യം ഉറപ്പിക്കുകയാണ് ബലോച് ലിബറേഷൻ ആർമിയുടെ ലക്ഷ്യം.
അഫ്ഗാനിസ്ഥാനും ഇറാനുമായി അതിർത്തി പങ്കിടുന്ന പ്രദേശം പാക്കിസ്ഥാനിലെ ഏറ്റവും വലിയ പ്രകൃതിവാതക മേഖല കൂടിയാണ്. സ്വർണം ഉൾപ്പെടെയുള്ള വിലയേറിയ ലോഹങ്ങളാൽ സമ്പന്നമാണ് അറബിക്കടലിന്റെ തീരപ്രദേശമായ ബലൂചിസ്ഥാൻ. ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിയിലെ (സിപിഇസി) ഒരു സുപ്രധാന മേഖല കൂടിയാണ് ബലൂചിസ്ഥാൻ.