ന്യൂഡൽഹി: ഇസ്രയേലിലെ നിർമാണമേഖലയിലേക്ക് ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽനിന്നായി 5617 പേർക്ക് സെലക്ഷൻ ലഭിച്ചു. ഹരിയാനയിൽ ജനുവരി 16 മുതൽ 20വരെയായിരുന്നു റിക്രൂട്ടിംഗ് ടെസ്റ്റ്. മൊത്തം 1370 പേർ പങ്കെടുത്തപ്പോൾ 530 പേർക്ക് സെലക്ഷൻ ലഭിച്ചു. യുപിയിൽ സെലക്ഷൻ നടപടികൾ ചൊവ്വാഴ്ച വരെ നീണ്ടു. 7182 പേർ ട്രയൽസിന് എത്തിയപ്പോൾ 5087 പേരെ തെരഞ്ഞെടുത്തു. 15 അംഗ ഇസ്രയേലി സംഘമാണ് റിക്രൂട്ടിംഗിന് നേതൃത്വം നൽകിയത്.
ആകർഷകമായ ശമ്പള വ്യവസ്ഥകളാണ് ഇസ്രയേലിലേക്ക് ജോലിക്കാരെ ആകർഷിക്കുന്നത്. 1.37 ലക്ഷം വരെ ശമ്പളം, മെഡിക്കൽ ഇൻഷ്വറൻസ്, താമസം, ഭക്ഷണം എന്നിവയാണ് വാഗ്ദാനം. പുറമെ, 16,515 രൂപ പ്രതിമാസം ബോണസായും ലഭിക്കും. തെരഞ്ഞെടുക്കപ്പെട്ടവർ അഞ്ച് വർഷം ഇസ്രയേലിൽ ജോലി ചെയ്യും. ഇതിലൂടെ ഇന്ത്യക്ക് 5000 കോടിയുടെ നേട്ടമുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. ഇസ്രയേൽ-പലസ്തീൻ സംഘർഷമുണ്ടായതിനുശേഷം ഇസ്രയേലിലെ പലസ്തീൻ തൊഴിലാളികളെ ഒഴിവാക്കിയതിനെ തുടർന്നു രൂക്ഷമായ തൊഴിലാളി ക്ഷാമമാണു രാജ്യം നേരിടുന്നത്.