ന്യൂഡൽഹി: വനിതാസംവരണ ബിൽ അവതരിപ്പിച്ചതു ചരിത്രനീക്കമായെന്നും ഈ പാർലമെന്റ് സമ്മേളനം നാരീശക്തിയുടെ ഉത്സവമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണത്തെ ബജറ്റ് സ്ത്രീശക്തിയുടെ പ്രകടനമാകുമെന്നും മോദി സൂചിപ്പിച്ചു. സമ്മേളനത്തിനു മുന്നോടിയായി മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷശബ്ദം പ്രതിഷേധത്തിനു മാത്രമാകാതെ ക്രിയാത്മക നിർദേശങ്ങൾക്കും ഉയരണമെന്ന് പ്രധാനമന്ത്രി ഓർമിപ്പിച്ചു. മാന്യതയില്ലാത്ത പെരുമാറ്റവും പ്രകടനവും ഒരു തരത്തിലും അനുവദിക്കില്ല. ബജറ്റ് സമ്മേളനം തെറ്റു തിരുത്താനുള്ള അവസരമാണെന്നും നല്ല മുദ്രപതിപ്പിക്കാൻ ശ്രമിക്കണമെന്നും മോദി പറഞ്ഞു. അമാന്യമായ പെരുമാറ്റം അനുവദിക്കാനാവില്ല.
കഴിഞ്ഞ സമ്മേളനത്തിലെ അനിഷ്ടസംഭവങ്ങൾ എല്ലാവരും കണ്ടതാണ്. തെരഞ്ഞെടുപ്പിനുശേഷം പൂർണ ബജറ്റുമായി കാണാമെന്നും മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.അതേസമയം, രണ്ടാം മോദി സർക്കാരിന്റെ അവസാന പാർലമെന്റ് സമ്മേളനം ആരംഭിച്ചു.
രാഷ്ട്രപതി ദ്രൗപതി മുർമു ഇരുസഭകളുടെയും സംയുക്തസമ്മേളനത്തെ അഭിസംബോധനയോടെ ചെയ്തതോടെയാണു സഭാനടപടികൾക്കു തുടക്കമായത്. രാജ്യം വികസനപാതയിലാണെന്നു പറഞ്ഞ അവർ വികസനനേട്ടങ്ങൾ എണ്ണിയെണ്ണി അവതരിപ്പിച്ചു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നാളെ ഇടക്കാല ബജറ്റ് അവതരിപ്പിക്കും.
ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനു തൊട്ട് മുൻപ് ജനപ്രിയ ബജറ്റ് അവതരിപ്പിക്കാനായിരിക്കും സർക്കാർ നീക്കം.ബിജെപി വോട്ടുബാങ്കായ മധ്യവർഗത്തെ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും. ആദായ നികുതിയില്‍ വലിയ ഇളവുകള്‍ക്ക് സാധ്യത നിലനില്ക്കുന്നു. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിലുള്ള വനിതാ കർഷകർക്ക് ആറായിരത്തില്നിന്നു 12,000 രൂപയാക്കി സഹായം വർധിപ്പിച്ചേക്കും.
2024 ല്‍ പാരീസ് ഒളിംപിക്സ് നടക്കാനിരിക്കുന്നത് കണക്കിലെടുത്ത് കായികരംഗത്തും പ്രഖ്യാപനങ്ങള്‍ വന്നേക്കും.പ്രതിപക്ഷം സർക്കാരിനെതിരേ ആയുധമാക്കുന്ന വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയിലും ഇലക്ട്രിക് വാഹന രംഗം, ഡിജിറ്റല്മേഖല എന്നിവയിലും ശ്രദ്ധേയമായ പ്രഖ്യാപനങ്ങള്‍ വരാനിടയുണ്ട്.
അതേസമയം ബജറ്റ് അവതരണത്തിന്റെ തലേദിവസം സഭയില്‍ വയ്ക്കുന്ന സാമ്പത്തിക സർവേ റിപ്പോർട്ട് ഇത്തവണ ഇല്ല. പകരം ധനമന്ത്രാലയം കഴിഞ്ഞ പത്ത് വർഷത്തെ ഇന്ത്യൻ സമ്പദ്രംഗത്തെ കുറിച്ചുള്ള അവലകോന റിപ്പോര്‍ട്ട് പുറത്തിറക്കി.