കൊച്ചി: നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ചെന്ന കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മുന്‍ സര്‍ക്കാര്‍ പ്ലീഡര്‍ അഡ്വ. പി.ജി. മനു പോലീസില്‍ കീഴടങ്ങി. ഇന്ന് രാവിലെ പുത്തന്‍കുരിശ് ഡിവൈഎസ്പി ഓഫീസില്‍ എത്തിയാണ് ഇയാള്‍ കീഴടങ്ങിയത്. മനുവിനെ ഇന്ന് ഉച്ചയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കും.
ഇന്നലെ മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സുപ്രീം കോടതി പത്തു ദിവസത്തിനകം കീഴടങ്ങണമെന്ന് നിര്‍ദേശിച്ചിരുന്നു. മനുവിന്റെ ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കാലതാമസമില്ലാതെ പരിഗണിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെതിരേയാണ് മനു സുപ്രീംകോടതിയെ സമീപിച്ചത്. ഇതിനെതിരേ പരാതിക്കാരിയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
2018ല്‍ നടന്ന കേസുമായി ബന്ധപ്പെട്ടാണു പരാതിക്കാരിയും മാതാപിതാക്കളും കഴിഞ്ഞ ഒക്ടോബറില്‍ അഭിഭാഷകനെ കാണാനെത്തിയത്. പിന്നീടു പലപ്പോഴും പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കടവന്ത്രയിലെ ഓഫീസിലും പെണ്‍കുട്ടിയുടെ വീട്ടിലും പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. അനുവാദമില്ലാതെ പെണ്‍കുട്ടിയുടെ സ്വകാര്യ ചിത്രമെടുത്തതിനും ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ചതിനും ഐടി ആക്ട് അടക്കം ചുമത്തിയാണു കേസ് റജിസ്റ്റര്‍ ചെയ്തത്. അഡ്വ. മനു പെണ്‍കുട്ടിക്ക് അയച്ച വീഡിയോകളും സ്വകാര്യ സന്ദേശങ്ങളും പോലീസ് തെളിവായി രേഖപ്പെടുത്തിയിട്ടുണ്ട്. കേസ് റജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്നു മനു ഹൈക്കോടതി സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവച്ചിരുന്നു.