തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരദമ്പതിമാരാണ് സൂര്യയും ജ്യോതികയും. എന്നാല്‍ അടുത്തിടെ ഇരുവരും പിരിയുകയാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ജ്യോതിക മുംബൈയിലേക്കു താമസം മാറ്റുന്നവെന്ന വാർത്തയാണു നടനും ഭര്‍ത്താവുമായ സൂര്യയുമായി വേര്‍പിരിയുന്നു എന്ന ഗോസിപ്പുകള്‍ പ്രചരിക്കാൻ കാരണമായത്.
ഇതില്‍ വ്യക്തത വരുത്തി രംഗത്ത് എത്തിയിരിക്കുകയാണു ജ്യോതിക ഇപ്പോൾ. പ്രൊഫഷണല്‍ കമ്മിറ്റ്‍സ്‍മെന്റുകളാണ് മുംബൈയിലേക്കു ചേക്കേറാൻ തന്നെ പ്രേരിപ്പിച്ചത് എന്നാണ് ജ്യോതിക പറഞ്ഞിരിക്കുന്നത്.
‘ബോളിവുഡില്‍നിന്നു നിരവധി പ്രൊജക്റ്റുകള്‍ എന്നെ തേടിയെത്തുന്നുണ്ട്. മാത്രമവുമല്ല കുട്ടികള്‍ പഠനാവശ്യത്തിനായി നിലവില്‍ മുംബൈയില്‍ സെറ്റില്‍ഡുമാണ്. വിവിധ ഭാഷകളില്‍ നിന്നുള്ള പ്രൊജക്റ്റുകള്‍ തനിക്കു ലഭിക്കുന്നുണ്ട് . അവയെല്ലാം ഓരോന്നായി തീര്‍ത്തതിനു ശേഷം ചെന്നൈയിലേക്കു മടങ്ങിപ്പോകാനാണ് ആലോചിക്കുന്നത്”- ഒരു അഭിമുഖത്തില്‍ ജ്യോതിക വ്യക്തമാക്കി.
ബോളിവുഡില്‍ ജ്യോതിക നായികയായി വേഷമിട്ട ശെയ്ത്താൻ എന്ന ചിത്രം വൈകാതെ പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ട്. അജയ് ദേവ്ഗണാണു ചിത്രത്തിൽ നായകനാകുന്നത്. ഹൊറര്‍ പശ്ചാത്തലത്തിലുള്ളതായിരിക്കും ശെയ്ത്താൻ. സംവിധായകൻ വികാസ് ബഹലിൻ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടത് ആരാധകര്‍ അടുത്തിടെ ഏറ്റെടുത്തിരുന്നു.
ചിത്രത്തില്‍ മാധവനും നിര്‍ണായകമായ ഒരു വേഷത്തില്‍ എത്തുന്നുണ്ട്. മമ്മൂട്ടി നായകനായ കാതലാണ് ജ്യോതിക നായികയായ ചിത്രങ്ങളില്‍ ഒടുവിൽ പ്രദര്‍ശനത്തിനെത്തിയത്.