പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ അനുസരിച്ച് വിവാഹത്തിനായി എടുത്ത ചില തീരുമാനങ്ങൾ മാറ്റി നടി രാകുൽപ്രീത് സിംഗ്. വിദേശത്ത് വച്ച് ആഘോഷമായി വിവാഹം നടത്താം എന്ന തീരുമാനമാണ് മോദിയുടെ വാക്കുകൾ കേട്ട് രാകുൽ മാറ്റിയത്.
രാകുൽപ്രീതും നടനും നിർമാതാവുമായ ജാക്കി ഭഗ്നാനിയും തമ്മിലുള്ള വിവാഹം വിദേശത്ത് നടത്താനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ സമ്പന്നരും സ്വാധീനമുള്ളവരുമായ കുടുംബങ്ങൾ അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷങ്ങൾ ആഘോഷമാക്കാൻ വിദേശത്ത് പോകാതെ ഇന്ത്യയിലെ മനോഹരമായ സ്ഥലങ്ങൾ തിരഞ്ഞെടുക്കണമെന്ന് മോദി ഡിസംബറിൽ ആവശ്യപ്പെട്ടിരുന്നു.
ഈ വാക്കുകൾ അനുസരിച്ച് രാകുലും പ്രതിശ്രുത വരനും വിവാഹം ഗോവയിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു. ഫെബ്രുവരി 22-നാണ് ഇവരുടെ വിവാഹം.
ഏകദേശം ആറു മാസത്തെ ആസൂത്രണത്തിന് ശേഷമാണ് രാകുൽപ്രീതും ജാക്കി ഭഗ്നാനിയും വിവാഹം വിദേശത്തു നടത്താൻ പദ്ധതിയിട്ടത്.
വിവാഹത്തിനുള്ള ഒരുക്കങ്ങൾ സംബന്ധിച്ച ചർച്ചകൾ വിദേശത്ത് നടക്കവെയാണ് രാകുൽപ്രീത് പ്രധാനമന്ത്രിയുടെ വാക്കുകൾ കേട്ടത്. പിന്നാലെ മാലിദ്വീപ് വിവാദങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നടത്തിയ ആഹ്വാനങ്ങളും ഇരുവരേയും മാറി ചിന്തിപ്പിച്ചു.
രാജ്യത്തോടുള്ള സ്നേഹവും സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയുടെ ഭാഗമാകാനുള്ള താരങ്ങളുടെ ആഗ്രഹവുമാണ് ഇതിനു പിന്നില്‍ എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
തെന്നിന്ത്യയിലും ബോളിവുഡിലും അറിയപ്പെടുന്ന നടിയും മോഡലുമാണ് രാകുൽ പ്രീത് സിംഗ്. ബോളിവുഡിലെ പ്രശസ്ത നിര്‍മാതാവ് വാഷു ഭഗ്നാനിയുടെ മകനാണ് ജാക്കി ഭഗ്നാനി.