1999 സെപ്റ്റംബർ 16, അന്ന് കേരളത്തിലെ കാമ്പസുകളിൽ രാവിലെ എത്തിയ കുട്ടികൾ പ്ലാൻ ചെയ്തു – ഇന്ന് ബോബന്റെയും ശാലിനിയുടെയും പുതിയ പടം ഇറങ്ങുന്നുണ്ട്.. കണ്ടാലോ.. അങ്ങനെ കുറെ പേർ ആദ്യത്തെ ഷോയ്ക്ക് തന്നെ കയറി. പിന്നീടുള്ള ദിവസങ്ങളിൽ കേരളത്തിലെ കാമ്പസുകളിൽ അറ്റൻഡൻസ് വളരെ കുറവായിരുന്നു. കോളേജ് വിദ്യാർഥികൾ മുഴുവൻ നിറം പ്രദർശിപ്പിക്കുന്ന തിയറ്ററുകളിലായിരുന്നു.
ഓൺലൈൻ റിവ്യൂവോ തിയറ്റർ റെസ്പോൺസ് വീഡിയോകളോ ഒന്നുമില്ലാതിരുന്നിട്ടും പുതിയ ഭാഷയിൽ പറഞ്ഞാൽ നിറം ആദ്യദിവസം തന്നെ വൈറലായി. കേരളത്തിലെ കാമ്പസുകളിൽ നിറം ആഘോഷമായി.. കുടുംബ സദസുകളും ചിത്രം ഏറ്റെടുത്തു.. അനിയത്തിപ്രാവിൽ തുടങ്ങിയ കുഞ്ചാക്കോ ബോബൻ – ശാലിനി കോംബോ മലയാളത്തിലെ ഏറ്റവും ഭാഗ്യമുള്ള താര ജോഡി എന്ന സ്ഥാനപ്പേര് ഉറപ്പിച്ചു.
സൗഹൃദത്തിൽ നിന്ന് പ്രണയത്തിലേക്കുള്ള സോനയുടെയും എബിയുടെയും നിറം മാറ്റം – അതായിരുന്നു നിറം എന്ന സിനിമയുടെ വൺ ലൈൻ എന്നുപറയാം. ഇവർക്കൊന്നു പ്രേമിച്ചൂടെ എന്ന് പ്രേക്ഷകർക്ക് തോന്നുന്ന രീതിയിൽ നിറം മുന്നോട്ടുപോകുമ്പോൾ കളർഫുൾ ആയി എൻജോയ് ചെയ്യാവുന്ന എല്ലാ ചേരുവകളും കമലും കൂട്ടരും നിറത്തിന് ചാർത്തിക്കൊടുത്തു.
പ്രണയ കഥകളും കാമ്പസ് ലൗ സ്റ്റോറികളും ഒരുപാട് കണ്ടുമടുത്ത പ്രേക്ഷകർക്ക് നിറത്തിന്റെ മൊത്തത്തിലുള്ള ആഖ്യാനം പുതിയ അനുഭവമായി. സൗഹൃദത്തിന്റെ നിറം പ്രണയവർണങ്ങൾ ആകുന്ന നിമിഷങ്ങൾ കേരളത്തിലെ കാമ്പസുകളെ അക്ഷരാർഥത്തിൽ പ്രണയത്തിന്റെ പുതിയ ലോകത്തിലേക്ക് എത്തിച്ചു.
ചെറുപ്പത്തിന്റെ എല്ലാ സ്പീഡും സ്പ്ലെൻഡറും ചേർത്തുവച്ച ചിത്രം – അതായിരുന്നു നിറം. മനോഹരമായ ഗാനങ്ങൾ, നിറങ്ങൾ വാരിക്കോരി ഒഴിച്ച ഫ്രെയിമുകൾ എന്നിവ നിറത്തിന്റെ ഭംഗി കൂട്ടി. കലാലയ ജീവിതം കഴിഞ്ഞവർക്ക് ഒരുവട്ടം കൂടിയെൻ ഓർമകൾ മേയുന്ന കാമ്പസിലേക്ക് തിരിച്ചുപോകാൻ കൊതി തോന്നിപ്പിക്കുന്നതിനും കോളജിൽ പഠിക്കുന്നവർക്ക് കാമ്പസ് ലൈഫ് കൂടുതൽ കളർഫുൾ ആക്കാനും എൻജോയ് ചെയ്യാനും നിറം കാരണമായി.
കേരളത്തിലെ കാമ്പസുകൾ നിറം ഏറ്റെടുത്തപ്പോഴും എല്ലാ സൗഹൃദങ്ങളും പ്രണയമല്ല എന്നുറക്കെ പറയാനും കാമ്പസുകൾ ധൈര്യം കാണിച്ചു. ഞങ്ങളുടെ സൗഹൃദങ്ങളിൽ പ്രണയം ഉണ്ടായിരുന്നോ എന്ന് ഓർമ്മകളിൽ തിരഞ്ഞു നോക്കിയ സീനിയേഴ്സും ഉണ്ടായിരുന്നു.
ശുക്റിയ
കാമ്പസുകൾക്ക് നിറം സമ്മാനിച്ച വാക്കുകളിൽ ഒന്നാണ് ശുക്റിയ. സോനയുടെയും എബിയുടെയും അയൽവാസിയായ കേണൽ അങ്കിൾ എബിയുടെ വീട്ടിലെ തമിഴ് നാട്ടുകാരിയായ രുക്കു എന്ന ജോലിക്കാരിയോട് ഇടയ്ക്കിടെ പറയുന്ന ശുക്റിയ കേരളത്തിലെ കാമ്പസുകൾ ഏറ്റു പറഞ്ഞപ്പോൾ തേന്മാവിൻ കൊമ്പത്ത് എന്ന സിനിമയിലെ മുദ്ദുഗവു പോലെ ശുക്റിയ വൈറലായി.. കേരളത്തിലെമ്പാടും നിറഞ്ഞോടിയ നിറം അഞ്ചുകോടിയിലേറെ കളക്ഷനാണ് ബോക്സോഫീസിൽ നേടിയത്.
എന്തായിരുന്നു നിറത്തിന്റെ വിജയകാരണങ്ങൾ..
മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താര ജോഡികളിൽ ഒന്നായ കുഞ്ചാക്കോ ബോബൻ – ശാലിനി കൂട്ടുകെട്ട് നിറത്തിന് അഴകു കൂട്ടി. എല്ലാതരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്താനുള്ള വിഭവങ്ങൾ കമൽ ഒരുക്കി. കാമ്പസുകളിലെ ക്ലാസ് മുറികളിൽ നിന്നും തിയറ്ററുകളിലേക്ക് യൂത്തിനെ ആകർഷിക്കാൻ വേണ്ടതെല്ലാം കമൽ നിറത്തിൽ പാകപ്പെടുത്തി വച്ചിരുന്നു. പ്രധാന കഥാപാത്രങ്ങൾക്ക് ഒപ്പം തന്നെ മറ്റു കഥാപാത്രങ്ങൾക്ക് അവരുടേതായ സ്പേസ് കൊടുത്തപ്പോൾ നിറം കൂടുതൽ മികച്ചതായി.
ഡിജിറ്റൽ ഗാഡ്ജറ്റുകൾക്ക് ഇന്നത്തെയത്ര പ്രചാരമുണ്ടായിരുന്നില്ല അന്ന്. പക്ഷേ നിറത്തിലെ ഗാനങ്ങൾ അന്ന് കേരളമാകെ ഏറ്റുപാടി. എത്രയോ കാസറ്റുകളിൽ ആ ഗാനങ്ങൾ പകർത്തപ്പെട്ടു. ആ കാലത്ത് കല്യാണ വീഡിയോകളിൽ നിറത്തിലെ പാട്ടുകൾ ഒഴിവാക്കാനാവില്ലായിരുന്നു. ഗാനമേളകളിൽ പ്രായം നമ്മിൽ എന്ന ഗാനം ഭാവഗായകൻ പി. ജയചന്ദ്രൻ പാടും പോലെ പാടാനായി ശ്രമിച്ചവർ ഏറെയാണ്. ശുക്റിയ ശുക്റിയ എന്ന ഗാനം അക്കാലത്ത് കാമ്പസുകളിൽ സിനിമാറ്റിക് ഡാൻസിലെ പ്രധാന പാട്ടായിരുന്നു.
ആരു ചോദിച്ചാലും പൈസ കടം കൊടുക്കുകയും കാമ്പസിൽ ഇടയ്ക്കിടെ വീഴുന്ന ജോമോളുടെ വർഷയും, മക്കളെ കൂട്ടുകാരെ പോലെ കരുതുന്ന ലാലു അലക്സ്, ദേവൻ, അംബിക, ബിന്ദു പണിക്കർ എന്നിവർ ഭംഗിയാക്കിയ അച്ഛനമ്മമാരും, പാട്ടും പാടിവന്ന് എല്ലാവരുടെയും പ്രിയങ്കരനായ ബോബൻ ആലുംമൂടിന്റെ പ്രകാശ് മാത്യുവും, ഒരു ഘട്ടത്തിൽ ചിത്രത്തിലെ പ്രധാന കഥാപാത്രമായി മാറുന്ന തമിഴ് നടി കോവൈ സരളയുടെ രുക്കുവും കെപിഎസി ലളിത യുടെ വല്യമ്മച്ചിയും എല്ലാം നിറത്തിൽ നിറഞ്ഞാടി.
മുപ്പതോ അമ്പതോ വർഷം കഴിഞ്ഞാലും നിറത്തിന് ഇതേ ഭംഗി ഇതിനേക്കാൾ കൂടുമെന്ന് ഉറപ്പാണ്.. കാലത്തെ അതിജീവിക്കുന്ന ഒരു മാജിക് നിറത്തിനുണ്ട്. അതുകൊണ്ടുതന്നെ കാലം എത്ര കഴിഞ്ഞാലും നിറത്തിന് നിറം കെടുകയില്ല..
ഋഷി