അന്റാര്‍ട്ടിക്കയില്‍ ആദ്യമായി പക്ഷിപ്പനി ബാധിച്ച് പെന്‍ഗ്വിനുകള്‍ ചത്തതായി റിപ്പോര്‍ട്ട്. കിംഗ്, ജെന്റൂ എന്നീ ഇനങ്ങളിൽപ്പെട്ട പെന്ഗ്വിനുകളാണു ചത്തത്. ഫോക്ക്ലന്‍ഡ് ദ്വീപിലെ ഒരു ജെന്റൂ പെന്‍ഗ്വിന്റെ മരണം പക്ഷിപ്പനി ബാധയേറ്റാണെന്നു കണ്ടെത്തിയതായി ദ ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്തു.
സൗത്ത് ജോര്‍ജിയ ഐലന്‍ഡിലാണ് കിംഗ് പെന്‍ഗ്വിനെ ചത്തനിലയില്‍ കണ്ടെത്തിയത്. ഇതിന്റെ മരണം സംബന്ധിച്ച് വിദഗ്ധ പരിശോധന നടന്നു വരികയാണ്. പക്ഷിപ്പനി അന്റാര്‍ട്ടിക്കയിലെത്തിയാല്‍ പെന്ഗ്വിന് അടക്കമുള്ള ജീവജാലങ്ങളുടെ നിലനില്‍പ്പ് ആശങ്കയിലാകുമെന്നു മുന്‍പ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
മൂന്നടിയോളം നീളം വയ്ക്കുന്ന കിംഗ് പെൻഗ്വിനുകൾ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പെൻഗ്വിൻ ഇനം കൂടിയാണ്. വനപ്രദേശങ്ങളിൽ ഇവയ്ക്ക് 20 വർഷത്തിന് മുകളിൽ ആയുസുണ്ട്.
പക്ഷിപ്പനി വ്യാപകമായ തെക്കന്‍ അമേരിക്കയില്‍ ദേശാടനത്തിന് പോയപ്പോഴാകാം പക്ഷികള്‍ക്ക് രോഗം ബാധിച്ചതെന്നാണ് കരുതുന്നത്. ആര്‍ട്ടിക്കില്‍ സമീപകാലത്താണ് ഈ വൈറസ് റിപ്പോര്‍ട്ട് ചെയ്തത്. അലാസ്കയിലെ ഒരു ഹിമക്കരടിയാണ് പക്ഷിപ്പനി വൈറസ് ബാധിച്ച് ചത്തത്.