തൃശൂർ : സ്കൂൾ വിദ്യാർഥിനിയെ ലൈംഗീകമായി പീഡിപ്പിച്ച വയോധികന് ഇരട്ട ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കുന്നംകുളം പോക്സോ കോടതിയാണ് ഒൻപത് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പുന്നയൂർ എടക്കര ഉദയംതിരുത്തി വീട്ടിൽ കുഞ്ഞുമുഹമ്മദിനെ ശിക്ഷിച്ചത്.
2016ലാണ് കേസിനാസ്പദമായ സംഭവം. സ്കൂൾ വിട്ട് പെൺകുട്ടി വരുന്നവഴിക്ക് വീട്ടിൽ വിളിച്ചു കയറ്റി ലൈംഗികമായി ഇയാൾ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് കൂട്ടുകാരികളോട് പെൺകുട്ടി സംഭവം പറഞ്ഞു.
കൂട്ടുകാർ സംഭവം അവരവരുടെ വീട്ടിൽ പറയുകയും അവരുടെ രക്ഷിതാക്കൾ പീഡനത്തിനിരയായ കുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്നാണ് കുട്ടിയെ ഇയാൾ പലതവണ പീഡിപ്പിച്ച വിവരം പുറത്തറിയുന്നത്.
പിന്നാലെ പോലീസിൽ വിവരം അറിയിച്ചു. ശേഷം കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് അന്വേഷണം പൂർത്തിയാക്കിയതിന് പിന്നാലെ പ്രതിയുടെ പേരിൽ കുറ്റപത്രം തയാറാക്കി കോടതിയിൽ സമർപ്പിച്ചു.