കോട്ടയം: ഭര്‍തൃവീട്ടില്‍ യുവതി മരിച്ച സംഭവത്തില്‍ മൂന്നു പേര് അറസ്റ്റില്‍. പരിയാരം കാടമുറി അയ്യംങ്കുളം എ.എന്‍. രാജന്റെ മകള്‍ രഞ്ജിനിയുടെ മരണത്തില്‍ ഭര്‍ത്താവ് റ്റിനീഷ്, ഭര്‍തൃപിതാവ് ഗോപാലകൃഷ്ണന്, മാതാവ് വിജയമ്മ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ മൂവരെയും റിമാന്‍ഡ് ചെയ്തു.
മരണത്തെപ്പറ്റി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു രഞ്ജിനിയുടെ കുടുംബം ജില്ലാ പോലീസ് ചീഫിനു പരാതി നല്‍കുകയും തുടര്‍ന്ന് അയര്‍ക്കുന്നം പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയുമായിരുന്നു.
പുന്നത്തുറ ഈസ്റ്റ് തോണിക്കുഴി റ്റിനീഷുമായി ആറുമാസം മുമ്പാണു രഞ്ജിനിയുടെ വിവാഹം നടന്നത്. ഇരുവരുടെയും രണ്ടാം വിവാഹമാണ്.
28നു രഞ്ജിനി മരണപ്പെട്ട വിവരമാണു ബന്ധുക്കള്‍ക്കു ലഭിച്ചത്. രഞ്ജിനിക്കു സ്ഥിരമായി മര്‍ദനം ഏല്‍ക്കാറുണ്ടെന്നും ശാരീരികമായി ഉപദ്രവിച്ചതിനെത്തുടര്ന്നാണു മരണം സംഭവിച്ചതെന്നും ശരീരമാസകലം മര്‍ദനത്തിന്റെ പാടുകള്‍ ഉണ്ടായിരുന്നതായും ബന്ധുക്കള്‍ പോലീസിനു നല്കിയ പരാതിയില്‍ പറയുന്നു.