തങ്ങളുടെ വിവാഹജീവിതത്തെ കുറിച്ച് ഓരോരുത്തർക്കും വലിയ സ്വപ്നങ്ങളുണ്ടാകും. എന്നാൽ നെബ്രാസ്കയിൽ നിന്നുള്ള ഒരു യുവതിക്ക് അവളുടെ വിവാഹ ദിവസം ഏറ്റവും വേദനാജനകമായ ഒരു ദിവസം കൂടിയായിരുന്നു. ജോണി ഡേവിസ് എന്ന 44 -കാരിയുടെ ജീവിതത്തിലാണ് ദുരന്തം സംഭവിച്ചത്.
വിവാഹ ചടങ്ങുകൾ കഴിഞ്ഞതിന് പിന്നാലെ അവളുടെ വരൻ പള്ളിയിൽ തളർന്നു വീണു. ചടങ്ങുകൾക്ക് ശേഷം പള്ളിക്ക് പുറത്ത് ഫോട്ടോ സെഷൻ നടക്കുകയായിരുന്നു. അപ്പോഴാണ് ജോണി ഡേവിസിന്റെ വരനായ ടോറേസ് കുഴഞ്ഞു വീണത്.
‘എനിക്ക് ശ്വസിക്കാനാവുന്നില്ല, ഭയങ്കരമായി ചൂടെടുക്കുന്നു എനിക്ക് കുറച്ച് വെള്ളം വേണം എന്നാണ് ടോറേസ് എന്നോട് പറഞ്ഞത്’ എന്ന് ജോണി പറഞ്ഞു. ഉടനെ തന്നെ ആരോഗ്യപ്രവർത്തകരെ വിവരമറിയിച്ചു. ആംബുലൻസിൽ ടോറേസിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
ടോറേസിന് കാർഡിയാക് അറസ്റ്റ് സംഭവിക്കുകയായിരുന്നു എന്നാണ് ഡോക്ടർമാർ പറഞ്ഞത്. ജോണി ആകെ തകർന്നു പോയി. വിവാഹം കഴിഞ്ഞ് ഒരു മണിക്കൂർ പോലുമാകുന്നതിന് മുമ്പ് ഭർത്താവ് ഈ ലോകം വിട്ടുപോയി എന്ന സത്യം അവൾക്ക് വിശ്വസിക്കാനായില്ല. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് അവൾക്ക് തന്റെ അച്ഛനെ നഷ്ടപ്പെട്ടത്.
ടോറേസും ജോണിയും 17 വർഷങ്ങൾക്ക് മുമ്പാണ് പ്രണയത്തിലായത്. പിന്നീട് ഇരുവരുടേയും വിവാഹം കഴിയുകയും ഇരുവരും പിരിയുകയും ചെയ്തു. എന്നാൽ, വർഷങ്ങൾക്ക് ശേഷം ഇരുവരും വിവാഹമോചിതരായി. തുടർന്ന് ഒരുമിച്ച് ജീവിക്കാനും തീരുമാനിക്കുകയായിരുന്നു.