കൊല്ലം: പരവൂർ മുനിസിഫ് മജിസ്ട്രേറ്റ് കോടതിയിലെ എപിപി അനീഷ്യ ആത്മഹത്യ ചെയ്ത കേസിന്റെ അന്വേഷണത്തിൽ ക്രൈംബ്രാഞ്ച് സംഘം നിയമോപദേശം തേടുമെന്ന് സൂചന. അസ്വാഭാവിക മരണത്തിന് മാത്രമാണ് ഇപ്പോൾ കേസ് എടുത്തിട്ടുള്ളത്. ആത്മഹത്യാ പ്രേരണ അടക്കമുള്ള വകുപ്പുകൾ ഉൾപ്പെടുത്തുന്ന കാര്യം നിയമ വിദഗ്ധരുമായി ആലോചിച്ച ശേഷമാകും ക്രൈംബ്രാഞ്ച് തീരുമാനമെടുക്കുക.
ആരോപണ വിധേയരിൽനിന്ന് അന്വേഷണ സംഘം ഇതുവരെ മൊഴി എടുത്തിട്ടുമില്ല. ഇവർ സസ്പെൻഷനിലായ സ്ഥിതിക്ക് മൊഴിയെടുപ്പിന് തടസങ്ങൾ ഇല്ല. എന്നാൽ ചോദ്യം ചെയ്യേണ്ടി വന്നാൽ അതിന്റെ നിയമവശം കൂടി ക്രൈംബ്രാഞ്ചിന് പരിശോധിക്കേണ്ടിവരും. ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടാകും ക്രൈംബ്രാഞ്ച് രണ്ടാം ഘട്ട അന്വേഷണത്തിലേക്ക് കടക്കുക.
സംഭവവുമായി ബന്ധപ്പെട്ട് കൊല്ലത്തെ ഡെപ്യൂട്ടി ഡയറക്ടർ ഒഫ് പ്രോസിക്യൂഷൻസ് അബ്ദുൾ ജലീൽ, പരവൂർ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലെ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.ആർ. ശ്യാം കൃഷ്ണ എന്നിവരെയാണ് ആഭ്യന്തര വകുപ്പ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഉടനടി പ്രാബല്യത്തിൽ വരുന്ന വിധം സസ്പെൻഡ് ചെയ്യുന്നു എന്നാണ് ഉത്തരവിൽ പറയുന്നത്.
അനീഷ്യയുടെ മരണം നടന്നിട്ട് 12-ാം ദിവസമാണ് സസ്പെൻഷൻ നടപടി ഉണ്ടായിട്ടുള്ളത്. ജി. എസ്. ജയലാൽ എംഎൽഎ വിഷയം സബ്മിഷനായി ഉന്നയിച്ചതിന് പിന്നാലെ ധൃതിപിടിച്ചാണ് സസ്പെൻഷൻ ഉത്തരവ് ഇറക്കിയതെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. ഇന്നലെ രാവിലെ ഒമ്പതിന് ശേഷമാണ് ഉത്തരവ് ഉണ്ടായത്.
21നാണ് അനീഷ്യ പരവൂർ നെടുങ്ങോലത്തെ വീടിന്റെ കുളിമുറിയിൽ ജീവനൊടുക്കിയത്. 23ന് ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻസ് റ്റി.എ. ഷാജി സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. ഡെപ്യൂട്ടി ഡയറക്ടർ ഒഫ് പ്രോസിക്യൂഷൻസ് ( ഹെഡ്ക്വാർട്ടേഴ്സ്) കെ. ഷീബയ്ക്കാണ് അന്വേഷണ ചുമതല. 14 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് നൽകണമെന്നാണ് ഡിജിപി ഇവരോട് നിർദേശിച്ചിട്ടുള്ളത്. ഇവർ രണ്ട് ദിവസം പരവൂരിൽ എത്തി അഭിഭാഷകർ, കോടതി ജീവനക്കാർ, പോലീസുകാർ അടക്കമുള്ളവരിൽ നിന്ന് മൊഴികൾ ശേഖരിക്കുകയും ചെയ്തു.
പരവൂർ പോലീസ് അന്വേഷിച്ച കേസ് സിറ്റി പോലീസ് ക്രൈംബ്രാഞ്ചിന് 24ന് കൈമാറി. അസ്വാഭാവിക മരണത്തിനാണ് പരവൂർ പോലീസ് കേസെടുത്തിരുന്നത്. അതേ വകുപ്പിൽ കടിച്ച് തൂങ്ങി തന്നെയാണ് ക്രൈംബ്രാഞ്ചും അന്വേഷിക്കുന്നത്. സിറ്റി ക്രൈംബ്രാഞ്ച് എസിപി എൻ.ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
അനീഷ്യയുടെ വീട്ടിൽ എത്തിയ അന്വേഷണ സംഘം ഭർത്താവും മകളും അടക്കമുള്ള അടുത്ത ബന്ധുക്കളിൽ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തി. തുടർന്ന് അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. അനീഷ്യയുടെ വാട്സ് ആപ്പ് ശബ്ദ സന്ദേശങ്ങളും ഡയറിക്കുറിപ്പും സംഘം പരിശോധിച്ചു. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തുന്ന കാര്യത്തിൽ കാര്യമായ തെളിവുകൾ ഒന്നുമില്ല നിലപാടിലാണ് ഉദ്യോഗസ്ഥർ എത്തി നിൽക്കുന്നത്. മാത്രമല്ല ഇതുവരെയും ആരോപണ വിധേയരിൽ നിന്ന് മൊഴികൾ ശേഖരിക്കാൻ തയാറാകാത്തതും ഇതേ ആശയക്കുഴപ്പം കാരണമാണ്.
അതേ സമയം ക്രൈം ബ്രാഞ്ച് എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ അന്വേഷണം ഊർജിതമായി നടന്നു വരുന്നു എന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയത്. അനീഷ്യ എഴുതിയതെന്ന് കരുതുന്ന ഡയറി കുറിപ്പിലെയും ഇവരുടേതെന്ന് പറയുന്ന ശബ്ദരേഖയിലെയും ആരോപണങ്ങളെ സംബന്ധിച്ച് ശാസ്ത്രീയ പരിശോധന നടത്തുന്നതിനുള്ള നടപടിയും അന്വേഷണ സംഘം സ്വീകരിച്ചിട്ടുണ്ടെന്നും സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭയിൽ അടക്കം വിഷയം ഉന്നയിക്കപ്പെട്ട സ്ഥിതിക്ക് ഇനി അന്വേഷണത്തിൽ മെല്ലെപ്പോക്ക് നിലപാട് സ്വീകരിക്കാൻ ക്രൈംബ്രാഞ്ചിന് സാധിക്കില്ല.
ഇപ്പോൾ ഹെഡ്ക്വാർട്ടേഴ്സ് ഡിഡിപി നടത്തുന്ന അന്വേഷണത്തിൽ കൊല്ലത്തെ ബാർ അസോസിയേഷൻ ഭാരവാഹികൾ അടക്കമുള്ളവർ അതൃപ്തരുമാണ്. കൊല്ലത്തെ ഡിഡിപി തന്നെ ആരോപണ വിധേയനായ സ്ഥിതിക്ക് അതേ റാങ്കിലുള്ള ഉദ്യോഗസ്ഥ നടത്തുന്ന അന്വേഷണത്തിന് എന്ത് പ്രസക്തി എന്നാണ് അവർ ചോദിക്കുന്നത്.
ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ തന്നെ നേരിട്ട് സംഭവം അന്വേഷിക്കണം എന്നാണ് കൊല്ലത്തെ ബാർ അസോസിയേഷന്റെ ആവശ്യം. ജുഡീഷൽ അന്വേഷണവും അവർ ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം വിഷയത്തിൽ വലിയ രീതിയിൽ രാഷ്ട്രീയ ഇടപെടലുകൾ നടന്നതായും സൂചനകളുണ്ട്. അനീഷയ്ക്ക് നീതി ലഭിക്കണം എന്ന ആവശ്യവുമായി തുടക്കത്തിലേ പരസ്യമായി രംഗത്ത് വന്ന വനിതാ അഭിഭാഷകർ അടക്കമുള്ളവരെ പിന്നീട് നിശബ്ദരാക്കാൻ ഈ ഇടപെടലിന് സാധിച്ചു എന്നത് പരസ്യമായ രഹസ്യമാണ്.
എസ്.ആർ. സുധീർ കുമാർ