ന്യൂഡൽഹി: ജാർഖണ്ഡിൽ എംഎൽഎമാരെ ചാക്കിട്ടു പിടിച്ചുള്ള അട്ടിമറിനീക്കങ്ങൾ ഫലം കാണാതെ വന്നതോടെ ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവ് ചംപയ് സോറൻ മുഖ്യമന്ത്രിക്കസേരയിൽ. ജാർഖണ്ഡ് രാജ്ഭവനിലെ ദർബാർ ഹാളിൽ ഇന്ന് ഉച്ചയ്ക്കു നടക്കുന്ന ചടങ്ങിൽ ചംപയ് സോറൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്യും.
ഒരു ദിവസത്തിലധികം നീണ്ട നാടകീയ നീക്കങ്ങള്‍ക്കൊടുവിൽ ഇന്നലെ അർധരാത്രിയാണു ചംപയ് സോറനെ ഗവർണർ സി.പി. രാധാകൃഷ്ണൻ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചത്. 81 അംഗ നിയമസഭയിൽ 43 പേരുടെ ഭൂരിപക്ഷമുണ്ടെന്നു ഗവർണറെ നേരിൽ കണ്ട് ചംപയ് സോറൻ അറിയിച്ച് 24 മണിക്കൂർ കഴിഞ്ഞിട്ടും ക്ഷണം ലഭിച്ചിരുന്നില്ല. അതിനിടെ എംഎംഎല്‍എമാരെ റാഞ്ചാനുള്ള ബിജെപി നീക്കങ്ങൾ ഒരു ഭാഗത്തു തകൃതിയായി നടന്നു.
ബിജെപിയുടെ ഓപ്പറേഷൻ താമര ഭയന്ന് ഇന്നലെ രാത്രി എട്ടരയോടെ 43 എംഎൽഎമാരെ ഹൈദരാബാദിലേക്കു മാറ്റാൻ ശ്രമം നടന്നിരുന്നു. ബസിലും ടെന്പോ ട്രാവലറിലുമായി എംഎൽഎമാരെ റാഞ്ചി വിമാനത്താവളത്തിലെത്തിച്ചു. രണ്ടു വിമാനങ്ങളും തയാറാക്കി. എന്നാൽ മോശം കാലാവസ്ഥയെതുടര്ന്നു ശ്രമം ഉപേക്ഷിച്ചു. വിമാനത്തിനുള്ളില്‍ കയറി വീഡിയോ അടക്കം എംഎല്‍മാര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.
വിമാന സര്‍വീസ് റദ്ദാക്കിയതിന് പിന്നാലെ എംഎല്‍എമാര്‍ വിമാനത്താവളത്തിന് പുറത്തേക്കു വന്നു. എന്തും സംഭവിക്കാവുന്ന സാഹചര്യമാണുള്ളതെന്നും ബിജെപി എന്തും ചെയ്യാന്‍ മടിക്കില്ലെന്നും ജാർഖണ്ഡ് പിസിസി അധ്യക്ഷൻ രാജേഷ് താക്കൂര്‍ പറഞ്ഞതോടെ ഓപ്പറേഷൻ താമര വിജയിച്ചേക്കുമെന്ന പ്രചാരണം ശക്തമായി.
ചംപായ് സോറനെ മുഖ്യമന്ത്രിയാക്കുന്നതിൽ ജെഎംഎമ്മിനകത്ത് സമവായമില്ലെന്നും ബസന്ത് സോറനെ മുഖ്യമന്ത്രിയാക്കാൻ ഒരു വിഭാഗം എംഎല്‍എമാര്‍ ആവശ്യപ്പെട്ടെന്നും ബിജെപി നേതാക്കള്‍ പറഞ്ഞതോടെ അത് ഏറെക്കുറെ ഉറപ്പിക്കുകയും ചെയ്തു.എന്നാൽ അനിശ്ചിതത്വങ്ങൾക്കു വിരാമമിട്ട് ഇന്നലെ രാത്രി 11ഓടെ സര്‍ക്കാരുണ്ടാക്കാനുള്ള ഗവര്‍ണറുടെ വിളി ചംപയ് സോറനെ തേടിയെത്തി.
അതോടെയാണു മഹാസഖ്യത്തിലെ എംഎൽഎമാർ ആരും ചാക്കിൽ കയറിയിട്ടില്ലെന്നു ബോധ്യമായത്. കള്ളപ്പണ ഇടപാട് കേസിൽ ഹേമന്ത് സോറൻ രാജിവയ്ക്കുകയും ഇഡി അറസ്റ്റ് ചെയ്യുകയും ചെയ്തതിനു പിന്നാലൊണ് മുതിർന്ന ജെഎംഎം നേതാവായ ചംപായ് സോറനെ മുഖ്യമന്ത്രിയാക്കാൻ മഹാസഖ്യം തീരുമാനിച്ചത്.