ബംഗളൂരു: റായ്ച്ചൂരിലെ സിരിവാരയിൽ ടിപ്പു സുൽത്താന്റെ ഛായാചിത്രത്തിൽ ചെരിപ്പുമാലയിട്ട് അപമാനിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. സിരിവാര സ്വദേശി ആകാശ് തൽവാറാണ് (23) അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കുറ്റവാളികളെ ഉടൻതന്നെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം സമുദായാംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്ന് രണ്ട് പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
സംഭവസ്ഥലത്തിന് സമീപത്തുനിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആകാശ് ഉൾപ്പെടെ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് പ്രതി കുറ്റസമ്മതം നടത്തിയത്. പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.