ന്യൂഡൽഹി: അറബിക്കടലിൽ വാണിജ്യക്കപ്പലുകൾക്കു നേരേയുള്ള ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജിബൂട്ടി, ഏദൻ കടലിടുക്ക്, സോമാലിയയുടെ കിഴക്കൻ തീരം എന്നിവിടങ്ങളിൽ നാവികസേനയെ നിയോഗിക്കുമെന്ന് ഇന്ത്യ.
ഏദൻ കടലിടുക്കിലും ആഫ്രിക്കയുടെ കിഴക്കൻ തീരത്തും 2008 മുതൽ നാവികസേനയെ നിയോഗിച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് ഭട്ട് ലോക്സഭയിൽ പറഞ്ഞു. ഇവർ ഇതുവരെ 3,440 കപ്പലുകളെയും കാൽ ലക്ഷത്തിലേറെ നാവികരെയും സുരക്ഷിതയാത്രയ്ക്കു സഹായിച്ചു.
ഗാസയിൽ ഇസ്രയേലിന്റെ സൈനികനടപടിയോടുള്ള പ്രതികാരമെന്ന നിലയിൽ ഇറാന്റെ പിന്തുണയുള്ള ഹൂതി ഭീകരർ കഴിഞ്ഞ നവംബറിനുശേഷം ചെങ്കടലിൽ ഒട്ടേറെ കപ്പലുകളെയാണ് ആക്രമിച്ചത്.
ആഗോള കപ്പൽ ഗതാഗതത്തിനു വലിയ വെല്ലുവിളിയുയരുന്ന സാഹചര്യത്തിൽ ജിബൂട്ടി, അറബിക്കടലിന്റെ വടക്കൻ, മധ്യ മേഖലകളിലെ ഏദൻ കടലിടുക്ക്, സോമാലിയുടെ കിഴക്കൻ തീരം എന്നിവിടങ്ങളിൽ നാവികസേനാ യൂണിറ്റിനെ വിന്യസിക്കും.
സുഹൃദ്രാജ്യങ്ങൾക്കൊപ്പം ചേർന്ന് രഹസ്യവിവരങ്ങൾ കൈമാറുന്നതുൾപ്പെടെ മുൻകരുതലുകളും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.