കോഴിക്കോട്: മാനന്തവാടിയില്‍നിന്ന് വനം വകുപ്പ് പിടികൂടി കര്‍ണാടകത്തിലെ ബന്ദിപ്പൂര്‍ വനത്തില്‍ തുറന്നുവിട്ട തണ്ണീര്‍ കൊമ്പന് ചരിഞ്ഞത് വെള്ളം കിട്ടാത്തതിനാലാണെന്ന് സൂചന. നിര്‍ജലീകരണമാണ് അന്ത്യത്തിലേക്കു നയിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ഒരുമാസത്തിനിടയില്‍ തന്നെ നല്കിയ അമിത ഡോസിലുള്ള മയക്കുമരുന്നും മരണത്തിനു കാരണമായിട്ടുണ്ടാകാമെന്നാണ് വിദഗ്ധാഭിപ്രായം. ഇന്നു നടക്കുന്ന പോസ്റ്റ്മോര്‍ട്ടത്തിനുശേഷമേ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളു.
മാനന്തവാടിയില്‍ ഇന്നലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ ആന വെള്ളം കിട്ടാതെ 15 മണിക്കൂറാണ് കഴിഞ്ഞത്. രാവിലെ അഞ്ചരയോടെയാണ് എടവക പഞ്ചായത്തിലെ പായോടുകുന്നില് ആന ആദ്യമെത്തിയത്.പിന്നീട് കബനിയുടെ കൈവഴിയായ മാനന്തവാടി പുഴ നീന്തിക്കടന്ന് നഗരത്തിലെത്തിയ ആനയെ വൈകിട്ടാണ് മയക്കുവെടിവച്ച് കീഴടക്കിയത്.
മാനന്തവാടിയിലേക്ക് വന്നവഴി പുഴയില്‍ നിന്നാണ് ആന വെള്ളം കുടിച്ചത്. നഗരത്തില്‍ എത്തിയശേഷം ആനയ്ക്ക് വെള്ളം കിട്ടിയിരുന്നില്ല.
ദൗത്യം തീരുന്നതുവരെ ഒരു തുള്ളി വെള്ളവും കിട്ടിയില്ല. വെള്ളക്കെട്ട് ഉണ്ടാകുമെന്നു കരുതി ആന വാഴത്തോട്ടത്തില്‍ പല തവണ പരതിയെങ്കിലും വെള്ളം കിട്ടിയിരുന്നില്ല. വാഴക്കന്നുകള്‍ പറിച്ചെടുത്ത ആന അതു ഭക്ഷിച്ചിരുന്നില്ല. വെള്ളമാണ് ആന തേടിയിരുന്നത്.
ഇതിനായി ഒരു ഘട്ടത്തില്‍ വന്ന വഴിക്ക് തിരിച്ചുപോകാനും ശ്രമിച്ചു. മാനന്തവാടി പുഴയുടെ ഭാഗത്തേക്കു നീങ്ങാന്‍ തണ്ണീര്‍ കൊമ്പന് ശ്രമിച്ചിരുന്നു. എന്നാല്‍, ആന പുഴയുടെ ഭാഗത്ത് എത്തിയാല്‍ മയക്കുവെടി വയ്ക്കാന്‍ തടസമാകുമെന്നതിനാല്‍ ആനയെ അവര്‍ പിന്തിരിപ്പിച്ചു.
ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് കല്ലെറിഞ്ഞും മറ്റുമാണ് പുഴയുടെ ഭാഗത്തേക്ക് പോകുന്നതില്‍ നിന്ന് വിലക്കിയത്. ഇതേത്തുര്‍ന്നു തിരിച്ചെത്തിയ ആന വാഴത്തോട്ടത്തിന്റെ ചുറ്റുഭാഗത്തുമാണ് കറങ്ങിയത്. വെള്ളം കിട്ടുമോ എന്ന പ്രതീക്ഷയിലായിരിക്കാം വാഴത്തോട്ടത്തില്‍ നിലയുറപ്പിച്ചതെന്നാണ് കരുതുന്നത്. വെള്ളം കിട്ടാതെ വലഞ്ഞ ആനയ്ക്ക് മയക്കുവെടിവച്ചപ്പോള് നിര്‍ജലീകരണ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.
മൂന്നാഴ്ചയ്ക്കിടെ രണ്ടാം തവണ ഉയര്‍ന്ന തോതില്‍ മയ്ക്കുവെടിയേറ്റത് ഹൃദയാഘാതത്തിനു വഴിവച്ചിട്ടുണ്ടാകുമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. മാനന്തവാടിയില്‍ എത്തുന്നതിനു 20 ദിവസം മുമ്പാണ് കര്‍ണാടകത്തില്‍ വച്ച് ആനയ്ക്ക് മയക്കുവെടി വച്ചു പിടികൂടി റേഡിയോ േകാളര് ഘടിപ്പിച്ചത്. അതിനുശേഷം കാട്ടിലേക്ക് തുറന്നുവിട്ടു.
കര്‍ണാടകത്തിലെ ഹസനില്‍ നിന്ന് കിലോമീറ്ററുകള്‍ കാട്ടിലൂടെ നടന്നാണ് ആന മാനന്തവാടിയില്‍ എത്തിയത്. ഭക്ഷണം തേടിയാണ് ആന നടന്നുവന്നത്. ഇതിനിടയില്‍ ആനയ്ക്ക് കാലിനു പരുക്കേറ്റിരുന്നു.
മാനന്തവാടിയില്‍ എത്തിയ ആന വളരെ ക്ഷീണിതനായിരുന്നു. ചെറുപ്പമായിരുന്നിട്ടുകൂടി ആനയ്ക്ക് എനര്‍ജി ഉണ്ടായിരുന്നില്ല. ജനക്കൂട്ടത്തിന്റെ ബഹളം കേട്ടപ്പോള്‍ പോലും യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ല. ഒരു വിധത്തിലുള്ള അക്രമവും നടത്തിയല്ല. വിരണ്ടോടിയില്ല. വനം വകുപ്പിന്റെ മയക്കുവെടിയേറ്റപ്പോള്‍ ഓടാന്‍പോലും ആന ശ്രമിച്ചില്ല. അവിടെത്തന്നെ മാറാതെ നിലയുറപ്പിക്കുകയായിരുന്നു. ഇവിടെ വച്ച് ആദ്യം കുറഞ്ഞ ഡോസിലും പിന്നീട് ബൂസ്റ്റര്‍ ഡോസിലമാണ് മയക്കുവെടി നല്‍കിയത്.