കൊല്ലം: യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാൻ കൂടുതൽ സ്പെഷൽ ട്രെയിനുകൾ ഏർപ്പെടുത്തി റെയിൽവേ. ഇതിന്റെ ഭാഗമായി ദക്ഷിണ റെയിൽവേ കന്യാകുമാരി – ചെന്നൈ എഗ്മോർ റൂട്ടിൽ നാളെ സൂപ്പർ ഫാസ്റ്റ് സ്പെഷൽ ട്രെയിൻ സർവീസ് നടത്തും. ഈ വണ്ടി നാളെ രാവിലെ 8.30 ന് കന്യാകുമാരിയിൽ നിന്ന് പുറപ്പെടും. തിരികെ അഞ്ചിന് ഉച്ചയ്ക്ക് ഒന്നിന്ന് ചെന്നൈ എഗ്മോറിൽ നിന്ന് കന്യാകുമാരിക്കും സർവീസ് നടത്തും.
കോയമ്പത്തൂർ -ചെന്നൈ എഗ്മോർ സൂപ്പർ ഫാസ്റ്റ് സ്പെഷൽ നാളെ രാത്രി 11.30 ന് കോയമ്പത്തൂരിൽ നിന്ന് പുറപ്പെടും. അഞ്ചിന് രാവിലെ പത്തിന് തിരികെ ചെന്നൈ എഗ്മോറിൽ നിന്ന് കോയമ്പത്തൂരിനും സർവീസ് നടത്തും. ടാറ്റാ നഗർ – എറണാകുളം റൂട്ടിൽ വീണ്ടും പ്രതിവാര സ്പെഷൽ ട്രെയിൻ ഓടിക്കാൻ തെക്ക് കിഴക്കൻ റെയിൽവേയും തീരുമാനിച്ചു.
അഞ്ച്, 12 തീയതികളിൽ ടാറ്റാ നഗറിൽ നിന്ന് രാവിലെ 5.15 ന് പുറപ്പെടുന്ന വണ്ടി മൂന്നാം ദിവസം പുലർച്ചെ 1.55 ന് എറണാകുളത്ത് എത്തും.
തിരികെ എറണാകുളത്ത് നിന്ന് ടാറ്റാ നഗറിലേയ്ക്കുള്ള സർവീസ് എട്ട്, 15 തീയതികളിലാണ്. എറണാകുളത്ത് നിന്ന് രാവിലെ 7.15 ന് സർവീസ് ആരംഭിക്കുന്ന ട്രെയിൻ മൂന്നാം ദിവസം രാവിലെ 4.35 ന് ടാറ്റാനഗറിൽ എത്തും. ഏസി ടൂടയർ – അഞ്ച്, ഏസി ത്രീടയർ – മൂന്ന്, ഏസി ത്രീടയർ എക്കണോമി – ഏഴ്, സ്ലീപ്പർ ക്ലാസ് – രണ്ട്, ജനറൽ സെക്കൻൻഡ് ക്ലാസ്-ഒന്ന്, അംഗപരിമിതർ – ഒന്ന് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ. പാലക്കാട്, തൃശൂർ, ആലുവ എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.