കൊച്ചി: സംസ്ഥാനത്ത് ലഹരിമരുന്ന് ഇടപാട് കേസുകള്‍ (എന്‍ഡിപിഎസ് നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ്) വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇത്തരം കേസുകളുടെ അന്വേഷണത്തിനായി പ്രത്യേക പോലീസ് സ്റ്റേഷനുകള്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. എന്‍ഡിപിഎസ് ആക്ട് പ്രകാരം 2023 നവംബര്‍ വരെ സംസ്ഥാനത്ത് 28,304 ലഹരിമരുന്ന് ഇടപാട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
2022 ല്‍ 26,619 കേസുകളും 2021 ല്‍ 5,695 കേസുകളും രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. മറ്റു ജില്ലകളെ അപേക്ഷിച്ച് കൂടുതല്‍ എന്‍ഡിപിഎസ് കേസുകല്‍ രജിസ്റ്റര്‍ ചെയ്യുന്നത് എറണാകുളത്താണ്. കഴിഞ്ഞ വര്‍ഷം 1,359 എന്‍ഡിപിഎസ് കേസുകള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 1959 ഗ്രാം എംഡിഎംഎയും 326.53 കിലോ കഞ്ചാവും 283.66 ഗ്രാം ഹാഷിഷ് ഓയിലുമാണ് പിടിച്ചെടുത്തത്.
1551 പേരെ നിയമത്തിനു മുന്നിലെത്തിക്കാനും എറണാകുളം സിറ്റി, റൂറല്‍ പോലീസിനു കഴിഞ്ഞു. ഇന്‍ഫോപാര്‍ക്ക്, ചേരാനല്ലൂര്‍, പാലാരിവട്ടം, എറണാകുളം നോര്‍ത്ത്, സൗത്ത്, സെന്‍ട്രല്‍, മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി, പള്ളുരുത്തി പോലീസ് സ്റ്റേഷനുകളിലാണ് കൂടുതല്‍ എന്‍ഡിപിഎസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതും. കൊച്ചിയില്‍ രാസലഹരി എത്തിക്കുന്നതിലെ പ്രധാന കണ്ണികള്‍ പലപ്പോഴും നൈജീരിയന്‍ വംശജരാണ്.
വിലകൂടിയ ലഹരിവസ്തുവാണെങ്കിലും എംഡിഎംഎയുടെ ഉപയോഗം സംസ്ഥാനത്ത് വര്‍ധിച്ചുവരുകയാണ്. ഇത്തരം കേസുകളില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. എംഡിഎംഎ, മെത്താംഫെറ്റാമിന്‍, എല്‍എസ്ഡി, ഹെറോയിന്‍, കൊക്കെയ്ന്‍ മുതലായ ലഹരി വസ്തുക്കള്‍ വിദേശ രാജ്യങ്ങളില്‍നിന്നാണ് കേരളത്തിലെത്തുന്നത്.
രാജ്യത്തെ പ്രധാന നഗരങ്ങളായ ബംഗളൂരു, ചെന്നൈ, മുംബൈ, ന്യൂഡല്‍ഹി, ആന്ധ്ര എന്നിവിടങ്ങളിലെത്തുന്ന രാസലഹരി ഏജന്റുമാര്‍ വഴി കേരളത്തിലെ ആവശ്യക്കാരിലേക്ക് എത്തുന്നു. അതുകൊണ്ടുതന്നെ ഇതിന്റെ ഉറവിടം കണ്ടെത്തുക പ്രയാസമേറിയ കാര്യമാണ്.ലോ ആന്‍ഡ് ഓര്‍ഡര്‍ ഡ്യൂട്ടികള്‍ കൈകാര്യം ചെയ്യുന്ന പോലീസ് സ്റ്റേഷനുകളില്‍ വലിയ തോതില്‍ രാസലഹരി വേട്ട നടക്കുമ്പോഴും അതിന്റെ തുടര്‍ അന്വേഷണം പലപ്പോഴും പ്രതിസന്ധി സൃഷ്ടിക്കുന്നതായി പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
നിലവിലെ ഡ്യൂട്ടികള്ക്കൊപ്പമാണ് തുടര്‍ അന്വേഷണത്തിനായി പ്രതികളുമായി അന്യസംസ്ഥാനങ്ങളിലേക്ക് പോകേണ്ടിവരുന്നത്. അംഗബലം കുറവുള്ള സ്റ്റേഷനുകളില്‍ ഇത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. അതുകൊണ്ടുതന്നെ തുടര്‍ അന്വേഷണത്തിന് പല ഉദ്യോഗസ്ഥരും വിമുഖത കാണിക്കുന്നുണ്ട്.
മറ്റൊരു കാരണം അന്യനാടുകളിലേക്ക് പോകുന്നതിനുളള സാമ്പത്തിക ചെലവുതന്നെയാണ്. ലഹരി കേസുകളില്‍ ഒരാള്‍ പിടിയിലായാല്‍ അതിന്റെ ചുവടുപിടിച്ചുള്ള അന്വേഷണമാണ് കൂടുതല്‍ അറസ്റ്റിലേക്ക് നയിക്കുന്നത്. അന്യനാടുകളില്‍ പ്രതികളുമായി മൂന്നു തവണയെങ്കിലും തെളിവെടുപ്പ് നടത്തേണ്ട സാഹചര്യം ഉണ്ടാകാറുണ്ട്.
ബസ്, ട്രെയിന്‍ വാറണ്ടുകള്‍ ലഭ്യമാണെങ്കിലും ദ്രുതഗതിയിലുള്ള അന്വേഷണത്തിന് പോലീസ് ഉദ്യോഗസ്ഥര്‍ സ്വന്തം ചെലവിലാണ് പലപ്പോഴും അന്യസംസ്ഥാനങ്ങളിലേക്ക് പോകുന്നത്. കൂടുതല്‍ പ്രതികളെ കണ്ടെത്തുന്നതിനായി അവിടെ ആഴ്ചകളോളം താമസിക്കേണ്ടതായി വരാറുണ്ട്. ഇത്തരം സാഹചര്യങ്ങളും പലപ്പോഴും തുടരന്വേഷണത്തിന് വിഘാതം സൃഷ്ടിക്കുന്നു.
അതുകൊണ്ടുതന്നെ ലഹരിമരുന്ന് ഇടപാടുകള്‍ അന്വേഷിക്കുന്നതിനായി സംസ്ഥാനത്ത് പ്രത്യേക പോലീസ് സ്റ്റേഷനുകള്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.സംസ്ഥാനത്ത് എല്ലാ ജില്ലകളിലും എന്‍ഡിപിഎസ് കോടതികള്‍ നിലവിലുണ്ട്. ആ സാഹചര്യത്തില്‍ ഓരോ ജില്ലകളിലും എന്‍ഡിപിഎസ് കേസുകള്‍ അന്വേഷിക്കുന്നതിന് പ്രത്യേക വിംഗ് അല്ലെങ്കില്‍ പോലീസ് സ്റ്റേഷനുകള്‍ അനുവദിച്ചുകഴിഞ്ഞാല്‍ കേസുകളില്‍ സമഗ്രമായ അന്വേഷണവും ലഹരിക്കാരെ പിടിച്ചുകെട്ടാനുള്ള പദ്ധതി തയാറാക്കാനും കഴിയും.
സമൂഹത്തെ മൊത്തമായി കാര്‍ന്നുതിന്നുന്ന വിപത്തെന്ന നിലയില്‍ പ്രത്യേക പോലീസ് സ്റ്റേഷന് രൂപീകരിക്കാനും ആവശ്യത്തിന് അംഗബലം ഉണ്ടാകുമ്പോള്‍ ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും കഴിയുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. പോക്സോ കേസുകളിലെ അന്വേഷണത്തിന് പ്രത്യേക വിഭാഗം രൂപീകരിച്ചതുപോലെ സര്‍ക്കാരില്‍ നിന്ന് ഇക്കാര്യത്തിലും അനുകൂലമായ നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പോലീസ് സംഘം.
സീമ മോഹന്‍ലാല്‍