ആലപ്പുഴ: കഞ്ചാവു മാഫിയ വീട്ടിൽ കയറി വിമുക്തഭടനെ കുത്തിപ്പരിക്കേൽപ്പിച്ചു. ആലപ്പുഴ കളർകോട് ബീനാ കോട്ടേജിൽ ജയകിഷോർ (56), ഇയാളുടെ അയൽവാസി വേലിക്കത്ത് ഭാസ്കരൻ(56) എന്നിവർക്കെതിരേയാണ് ആക്രമണമുണ്ടായത്. ഇവരെ പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചു. കിഷോറിന്റെ വീട്ടുമുറ്റത്തിരുന്ന ബൈക്ക് അക്രമികൾ തീയിട്ടുനശിപ്പിച്ചു. കിഷോറിന്റെ വൃദ്ധ മാതാവ് വിശാലാക്ഷി (86)നെ ആക്രമിക്കാനും വീടിനു തീയിടാനും ശ്രമമുണ്ടായി.
ഇന്നലെ വൈകിട്ട് 4.30നാണു സംഭവത്തിന്റെ തുടക്കം. കിഷോറിനെ കുത്തിയ ശേഷം മടങ്ങിയ നാലംഗസംഘം രാത്രി എട്ടരയോടെ വീണ്ടുമെത്തി വീടാക്രമിക്കുകയായിരുന്നു. ജനാലകൾ അടിച്ചുതകർത്തശേഷമാണു ബൈക്കിനു തീയിട്ടത്. സംവമറിഞ്ഞ് ഓടിയെത്തിയ അയൽവാസിക്കും ആക്രമണത്തിൽ പരിക്കേറ്റു. ജയകിഷോറിന്റെ അമ്മ മാത്രമാണു രണ്ടാമത് ആക്രമണം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നത്. കടിപ്പുരോഗിയായ ഇവരെയും ആക്രമിക്കാൻ ശ്രമമുണ്ടായി.
കഞ്ചാവുവിൽപ്പന നടത്തുന്ന സംഘത്തിലെ ഒരാളെ കഴിഞ്ഞദിവസം എക്സൈസ് പിടികൂടിയിരുന്നു. ജയകിഷോറിന്റെ കുടുംബമാണ് ഇയാളുടെ വിവരം കൈമാറിയതെന്നാരോപിച്ചായിരുന്നു ആക്രമണമെന്നാണ് പോലീസിനു ലഭിച്ച വിവരം.
കൈക്കും വയറിനും കുത്തേറ്റ ജയകിഷോറിനെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
രണ്ടുമാസം മുൻപ് ജയിൽ മോചിതനായ, ഒട്ടേറെ ക്രിമിനൽ കേസിൽപ്പെട്ട യുവാവിന്റെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. സിസിടിവി. കാമറകൾ കേന്ദ്രീകരിച്ച് ആലപ്പുഴ സൗത്ത് പോലീസ് അന്വേഷണം തുടങ്ങിയിരുന്നു. ഇതിനിടെയാണ് രാത്രി ഒരുസംഘം വീണ്ടും വീടാക്രമിച്ചശേഷം ബൈക്കിനു തീയിട്ടത്.
ആലപ്പുഴയിൽനിന്ന് അഗ്നിരക്ഷാസേനയെത്തിയപ്പോഴേക്കും ബൈക്ക് കത്തിനശിച്ചിരുന്നു. ലഹരിസംഘങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളാണ് ആക്രമണത്തിനു പിന്നിലെന്നാണ് പോലീസ് പറയുന്നത്. സ്ഥലത്തു വൻ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.